ഗുരു ദൈവമാണെന്ന് പ്രസംഗിച്ചു നടന്നവര്‍ ഇപ്പോള്‍ തിരുത്തി പറയുന്നു: വെള്ളാപ്പള്ളി നടേശന്‍
തൃപ്രയാര്‍: ഈഴവരുടെ കണ്‍കണ്ട ദൈവമാണ് ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പെരിങ്ങോട്ടുകര എസ്.എന്‍.ഡി.പി യൂനിയന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങോട്ടുകര ശ്രീനാരായണ ഹാളില്‍ സംഘടിപ്പിച്ച സൗഹൃദസദസും ഓണസദ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ഗുരു ദൈവമാണോ അല്ലയോ എന്നതാണ് ഇപ്പോള്‍ തര്‍ക്കവിഷയം. മുമ്പ് ഗുരു ദൈവമാണെന്ന് പ്രസംഗിച്ചു നടന്ന എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ വരെ ഇപ്പോള്‍ തിരുത്തിപറഞ്ഞ് നടക്കുകയാണ്. ഇക്കൂട്ടരെ ശ്രീനാരായണീയര്‍ തിരിച്ചറിയുന്നു. ഇടത് വലത് മുന്നണികളിലെ മൈക്രോഫിനാന്‍സ് മെട്രോ റെയിലാണെന്ന് പറയുന്നവരുടെയും സ്വന്തം ഇമേജുണ്ടാക്കി പാര്‍ട്ടിയെ പാതാളത്തിലേക്ക് തള്ളിവിട്ടവരുടേയും പിന്തുണയിലാണ് ഇത്തരക്കാര്‍ ഗുരു ദൈവമല്ലെന്ന് പറഞ്ഞ് നടക്കുന്നത്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ കെട്ടുറപ്പ് കണ്ട് വിളറിപിടിച്ചു നടക്കുകയാണ് ഇടത് വലത് മുന്നണികളെന്നും വെള്ളാപ്പള്ളി പറഞ്ഞു. പെരിങ്ങോട്ടുകര എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് സൂര്യപ്രമുഖന്‍ തൈവളപ്പില്‍ അധ്യക്ഷനായി. വെള്ളാപ്പള്ളിയുടെ സഹധര്‍മ്മിണി പ്രീതി നടേശന്‍ പരിപാടിക്ക് ഭദ്രദീപം തെളിയിച്ചു. യോഗം കൗണ്‍സിലര്‍ ബേബിറാം, അസി. സെക്രട്ടറി സുനിലാനിലന്‍, യൂനിയന്‍ സെക്രട്ടറി അഡ്വ. കെ.സി സതീന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.ബി സുബ്രഹ്മണ്യന്‍, ബോര്‍ഡംഗങ്ങളായ ഹണി കണാറ, സുഭാഷ് തേങ്ങാമൂച്ചി, ഇ.വി.എസ് വിജയന്‍, കൗണ്‍സിലര്‍മാരായ ഷിജി തിയ്യാടി, സുനില്‍ കൊച്ചത്ത്, ബിജു പള്ളിപ്പുറം, ദീപ്തിഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ ചേര്‍പ്പ്, വനിതാ സംഘം പ്രസിഡന്റ് അനിത പ്രസന്നന്‍, സെക്രട്ടറി സിനി ഷൈലജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."