ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കി, ഇളവ് 30 ദിവസത്തേക്ക്
ഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നല്‍കി അമേരിക്ക. ഒരു മാസത്തേക്കാണ് (30 ദിവസം) ഉപരോധത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്. യു.എസ് ട്രഷറി വകുപ്പിന്റേതാണ് പ്രഖ്യാപനം.
എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി 30 ദിവസത്തെ താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നത്. കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണക്കപ്പലുകളില്‍നിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവ് ബാധകമാകുന്നത്.
2026 മാര്‍ച്ച് 5 വരെ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ ഫെഡറേഷന്റെ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പന്നങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും വില്‍ക്കുന്നതിനും അനുമതി നല്‍കിക്കൊണ്ട് ട്രഷറി വകുപ്പിന്റെ ഓഫിസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (OFAC) ലൈസന്‍സ് പുറപ്പെടുവിച്ചതായി ട്രഷറി പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ 3 വരെയാണ് അനുമതി.
ഇളവ് പ്രഖ്യാപനത്തില്‍ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് എടുത്തു പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ 'അവശ്യ പങ്കാളി'എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്.
'പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ നയങ്ങളുടെ ഫലമായി എണ്ണ, വാതക ഉല്‍പാദനം ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. ആഗോള വിപണിയില്‍ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി, റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ട്രഷറി വകുപ്പ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അനുവദിക്കുന്നു. നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമാണ് ഈ അനുമതിയെന്നതിനാല്‍, റഷ്യന്‍ സര്‍ക്കാരിന് ഇതിലൂടെ കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്' ബെസന്റ് എക്‌സില്‍ കുറിച്ചു.
യുഎസിന്റെ അവിഭാജ്യ പങ്കാളിയാണ് ഇന്ത്യ. വരും ദിവസങ്ങളില്‍ ഇന്ത്യ അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള ഊര്‍ജ വിപണിയെ പിടിയിലാക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഈ താല്‍ക്കാലിക നടപടി സഹായിക്കുമെന്നും ട്രഷറി സെക്രട്ടറി എക്‌സില്‍ കുറിച്ചു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. ഇന്ത്യ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു. മാത്രമല്ല ഇന്ത്യക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് യുഎസ് - ഇന്ത്യ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ തീരുവ 18 ശതമാനമായി കുറച്ചു. അതിന് പിന്നാലെ യു.എസ് കോടതി വിധിവരികയും തീരുവ 15 ശതമാനമായി കുറയുകയുമായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ഇറാനെതിരായ ആക്രമണത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണ വ്യാപാരം പ്രതിസന്ധിയിലായിരിക്കുന്നത്.
ഉക്രൈനിലെ അധിനിവേശത്തിനെതിരെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ നവംബറില്‍ റഷ്യന്‍ എണ്ണക്കമ്പനികളായ ലുക്കോയിലിനും (Lukoil) റോസ്നെഫ്റ്റിനും (Ronseft) മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു, 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയില്‍ മോസ്‌കോയുടെ വിഹിതം 21.2% ആയി കുറഞ്ഞുവെന്നാണ് വ്യവസായ ഡാറ്റ കാണിക്കുന്നത്. ഫെബ്രുവരിയില്‍ ഈ വിഹിതം ഏകദേശം 30% ആയി ഉയര്‍ന്നതായി സ്രോതസ്സ് പറഞ്ഞു.
ഗള്‍ഫിലെ പ്രധാന എണ്ണപ്പാടങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുടനീളം എണ്ണ ഉല്‍പാദനത്തെ ബാധിച്ചിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ഇന്ധന ലഭ്യത കടുത്ത പ്രതിസന്ധിയിലാണ്. ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.07 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ആഗോള വിപണിയില്‍ ഇത്രയും വലിയ വിലവര്‍ധനവ് ഉണ്ടായെങ്കിലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
the united states has allowed indian companies to continue buying russian oil with a 30-day exemption, offering temporary relief for india’s energy sector amid sanctions concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."