'സര്‍ക്കാര്‍ ജപ്തി ചെയ്ത സാധനങ്ങള്‍ കയറ്റിയ വാഹന ഡ്രൈവറെ കൊല്ലാന്‍ ശ്രമം'
കല്‍പ്പറ്റ: സര്‍ക്കാര്‍ ജപ്തി ചെയ്ത സാധനങ്ങള്‍ കയറ്റിയ ടാക്‌സി വാഹനത്തിന്റെ ഡ്രൈവറെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ വാഴവറ്റ മൂങ്ങനാനിക്കല്‍ ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയുന്ന രണ്ടു പേര്‍ക്കെതിരേയും മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടാക്‌സി ഡ്രൈവറായ മുഹമ്മദ് ഷെജീദിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ജപ്തിക്ക് വിധേയരായ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും ചേര്‍ന്ന് ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. സെയില്‍ ടാക്‌സ്, കാര്‍ഷിക നികുതി ഇനത്തില്‍ കോടികള്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച റോജി അഗസ്റ്റിന്റെ വീട്ടില്‍ റവന്യു അധികൃതര്‍ ജപ്തി നടത്തിയിരുന്നു. ജപ്തി സാധനങ്ങള്‍ പിക്അപ് വാനിലാണ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയത്. ഈ പിക്കപ്പിന്റെ ഡ്രൈവറായിരുന്നു ഷജീദ്. റവന്യു അധികൃതര്‍ വിളിച്ചതനുസരിച്ചാണ് ഷജീദ് ഓട്ടം പോയത്. അന്നു രാത്രി തന്നെ ഷജീദിന്റെ ജേഷ്ടനെ റോജി അഗസ്റ്റിന്‍ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ഷജീദിനെ വകവരുത്തുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഷജീദ് ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ ജീപ്പില്‍ പിന്തുടര്‍ന്ന ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും ബൈക്ക് ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച ബൈക്ക് റോഡരികിലെ കാനയില്‍ വീണു. അതിനാലാണ് ജീപ്പ് കയറാതെ രക്ഷപ്പെട്ടത്. ഷജീദിന്റെ സുഹൃത്തുക്കള്‍ ജീപ്പിനെ പിന്തുടര്‍ന്ന് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കൃത്യം നടത്തുവാന്‍ ഉപയോഗിച്ച ജീപ്പ് കല്‍പ്പറ്റയില്‍ ഒളിപ്പിച്ച നിലയില്‍ പൊലിസ് കണ്ടെടുത്തു. ഇവരുടെ വീട്ടില്‍ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരെയും പൊലിസുകാരെയും വീട്ടുകാര്‍ ആക്രമിച്ചിരുന്നു.
നാലു വനിതാ പൊലിസുകാരടക്കം ആറ് പൊലിസുകാര്‍ക്കും റവന്യുഉദ്യോഗസ്ഥര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വയനാട് വാഴവറ്റ മൂങ്ങനാനിക്കല്‍ ആന്റോ അഗസ്റ്റിന്‍, അമ്മ ഇത്താമ്മ അഗസ്റ്റിന്‍, ടെസ്സി റോജി, ഇവരുടെ സഹായികളായ രമേഷ്, ചന്ദ്രന്‍, ജനാര്‍ദനന്‍ എന്നിവരെ പൊലിസ് അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യം നലകി വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആന്റോ അഗസ്റ്റിയനും സഹോദരങ്ങളുംചേര്‍ന്ന് മാംഗോ എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ വിപണിയിലിറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലോഞ്ചിങ്ങിന് തൊട്ടുമുമ്പ് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കേസില്‍ ഇവരെ പൊലിസ് അറസ്റ്റു ചെയ്തു. കാര്‍ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് സെയില്‍ടാക്‌സ് കുടിശ്ശികയായത്. കാര്‍ഷിക നികുതിയും കുടിശ്ശികയാക്കി. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും തുക അടക്കാത്തതിനാലാണ് ജപ്തി നടപടികളിലേക്ക് നീങ്ങിയത്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സി.പി.എം വാഴവറ്റ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."