പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി; തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴാതെ കോങ്ങാട് എംഎൽഎ
കൊല്ലം: ജനപ്രതിനിധികളെപ്പോലും വിറപ്പിക്കുന്ന രീതിയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ എംഎൽഎയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചുവെന്ന് വിശ്വസിപ്പിച്ച് കോങ്ങാട് എംഎൽഎ അഡ്വ. കെ. ശാന്തകുമാരിയെ ഫോണിലൂടെ തടങ്കലിലാക്കാൻ (Digital Arrest) ശ്രമം നടന്നു. മണിക്കൂറുകളോളം നീണ്ട മാനസിക സമ്മർദ്ദത്തിനൊടുവിലാണ് ഇത് തട്ടിപ്പാണെന്ന് എംഎൽഎ തിരിച്ചറിഞ്ഞത്.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
ശനിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് തട്ടിപ്പ് സംഘത്തിന്റെ കോൾ വരുന്നത്. വളരെ ആധികാരികമായ ശബ്ദത്തിൽ സംസാരിച്ച സംഘം താഴെ പറയുന്ന ആരോപണങ്ങളാണ് എംഎൽഎയ്ക്ക് മേൽ ഉന്നയിച്ചത്:പഹൽഗാം ഭീകരാക്രമണത്തിനായി എംഎൽഎയുടെ സിം കാർഡ് ഉപയോഗിച്ചു.ഭീകരവാദ പ്രവർത്തനങ്ങൾക്കായി കാനറ ബാങ്കിൽ എംഎൽഎയുടെ പേരിൽ അക്കൗണ്ട് തുടങ്ങി.ബോംബ് സ്ഫോടനത്തിനുള്ള പണമിടപാടുകൾ ഈ അക്കൗണ്ട് വഴിയാണ് നടന്നത്.
പാർട്ടി പ്രതിസന്ധിയിലാകുമെന്ന് ഭയം:
ആരോപണങ്ങൾ കേട്ടപ്പോൾ താൻ വല്ലാതെ ഭയന്നുപോയെന്ന് എംഎൽഎ വെളിപ്പെടുത്തി. "തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരം ഒരു ആരോപണം വന്നാൽ അത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് ഞാൻ കരുതി. ഒരു ജനപ്രതിനിധി എന്ന നിലയിൽ പോലും വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയത്. സാധാരണക്കാരുടെ അവസ്ഥ ഇതിലും ദയനീയമായിരിക്കും," എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
പൊലിസ് നടപടി:
സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ എംഎൽഎ പൊലിസിൽ പരാതി നൽകി. സൈബർ വിദഗ്ധരുടെ സഹായത്തോടെ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. 'ഡിജിറ്റൽ അറസ്റ്റ്' എന്നൊരു നിയമസംവിധാനം ഇന്ത്യയിലില്ലെന്നും ഇത്തരം കോളുകൾ വന്നാൽ ഭയപ്പെടാതെ പൊലിസിനെ അറിയിക്കണമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."