റഷ്യയുമായുള്ള എണ്ണ ഇടപാട് തുടരുമെന്ന് ഇന്ത്യ; അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണവിപണിയിൽ അനിശ്ചിതത്വം തുടരുകയാണ്. വിപണിയിൽ എണ്ണ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.
റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഒരു വിദേശരാജ്യത്തിന്റെയും അനുമതി ആവശ്യമില്ലെന്ന കർശന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ ഇന്ത്യക്ക് വിൽക്കാൻ അനുവദിക്കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച വാഷിംഗ്ടൺ ഉപരോധങ്ങളിൽ ഇളവ് വരുത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഒരിക്കലും മറ്റൊരു രാജ്യത്തിന്റെ അനുമതിയെ ആശ്രയിച്ചിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) വ്യക്തമാക്കി. ഇത്തരം താൽക്കാലിക ഇളവുകളിലല്ല ഇന്ത്യയുടെ ഊർജ്ജ നയം അധിഷ്ഠിതമെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു. 2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണ് റഷ്യ.
ഇറാനെതിരായ യുഎസ്-ഇസ്റാഈൽ നീക്കങ്ങളും ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന തിരിച്ചടികളും ആഗോള ഊർജ്ജ-ഗതാഗത മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ഇപ്പോൾ എണ്ണവിലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായത്. ഈ സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ എണ്ണ ശേഖരണം ശക്തമാക്കിയിട്ടുണ്ട്.
ഹ്രസ്വകാല തടസ്സങ്ങൾ നേരിടുന്നതിനായി 250 ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഇന്ത്യ സംഭരിച്ചിട്ടുണ്ട് എന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവ് ആഭ്യന്തര വിപണിയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 7% വർദ്ധനവ് രേഖപ്പെടുത്തി. എൽപിജി ലഭ്യത ഉറപ്പാക്കാൻ പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ സ്ട്രീമുകൾ ഉപയോഗിച്ച് ഉൽപ്പാദനം കൂട്ടാൻ റിഫൈനറികൾക്ക് പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ എൽപിജി വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണെന്ന് ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
Facing global market uncertainty due to the ongoing middle east conflict, india has reaffirmed its decision to continue importing russian crude oil, which remains its largest source of supply as of february 2026. the indian government formally rejected the need for any foreign "permission," following a 30-day temporary waiver issued by washington to allow the sale of russian oil currently stranded at sea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."