50 പുള്ളിപ്പുലികളെ റിലയന്‍സിന്റെ 'വന്‍താര'യിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ജനവാസ മേഖലകളില്‍ നിന്നും പിടികൂടിയ 50 പുള്ളിപ്പുലികളെ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സിന്റെ 'വന്‍താര' മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുള്ളിപ്പുലികളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് പൂനെ, അഹല്യാനഗര്‍ ജില്ലകളില്‍ മനുഷ്യമൃഗ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടിയെന്ന് വനംവകുപ്പ് മന്ത്രി ഗണേഷ് നായിക്ക് അറിയിച്ചു.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ (CZA) ഔദ്യോഗിക അനുമതി ലഭിച്ചുകഴിഞ്ഞു. നിലവില്‍ വനംവകുപ്പിന്റെ കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലെ പരിമിതികള്‍ കണക്കിലെടുത്തും പുള്ളിപ്പുലികള്‍ക്ക് കൂടുതല്‍ മികച്ച പരിചരണവും സുരക്ഷയും ഉറപ്പാക്കാനുമാണ് വന്‍താരയിലേക്ക് മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഗുജറാത്തില്‍ 3000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വന്‍താര ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി പുനരധിവാസ കേന്ദ്രങ്ങളിലൊന്നാണ്.
നേരത്തെ വന്‍താരയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘനം ആരോപിക്കപ്പെട്ടിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി തള്ളിയിരുന്നു. പുള്ളിപ്പുലികളെ മാറ്റുന്നതോടെ മഹാരാഷ്ട്രയിലെ ജനവാസ മേഖലകളിലെ ഭീതിക്ക് വലിയൊരളവ് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
The Maharashtra government has decided to relocate 50 leopards to Reliance’s Vantara animal rescue center in Gujarat to mitigate rising human-wildlife conflicts in the state following approval from the Central Zoo Authority.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."