ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് ചതിച്ചു: പൂനെയിൽ യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു
പൂനെ: മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് വേശ്യാവൃത്തിക്ക് നിർബന്ധിച്ച അഞ്ച് ബംഗ്ലാദേശി യുവതികളെ പൂനെ പൊലിസ് മോചിപ്പിച്ചു. വ്യാഴാഴ്ച രാത്രി ബുധ്വാർ പേട്ടിലെ റെഡ് ലൈറ്റ് ഏരിയയിലുള്ള 'ജനത ബിൽഡിംഗിൽ' നടത്തിയ മിന്നൽ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ കൃഷികേശ് റാവാലെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫരസ്ഖാന പൊലിസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ പ്രശാന്ത് ഭാസ്മെ, അസിസ്റ്റന്റ് ഇൻസ്പെക്ടർ വൈഭവ് ഗെയ്ക്വാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. കെട്ടിടത്തിനുള്ളിൽ അഞ്ച് ബംഗ്ലാദേശ് പൗരന്മാർ അനധികൃതമായി താമസിക്കുന്നതായി പരിശോധനയിൽ വ്യക്തമായി.
ബ്യൂട്ടി പാർലറുകളിലോ തയ്യൽ യൂണിറ്റുകളിലോ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റുമാർ ഇവരെ അതിർത്തി കടത്തി ഇന്ത്യയിലെത്തിച്ചതെന്ന് ഡിസിപി റാവാലെ പറഞ്ഞു. എന്നാൽ ഇവിടെയെത്തിയ ശേഷം ഇവരെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു. യുവതികളെ വേശ്യാലയത്തിൽ തടവിലാക്കി ഇവരിൽ നിന്നുള്ള വരുമാനം പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരികയായിരുന്നുവെന്നും പൊലിസ് വെളിപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് വേശ്യാലയത്തിലെ താമസക്കാരനായ ഭൂപ്‌സിംഗ് രജ്പുത്, ബംഗ്ലാദേശിൽ നിന്നും യുവതികളെ ഇന്ത്യയിലെത്തിച്ച മുല്ല, ഇടനിലക്കാരനായ ബാബു ഭയ്യ, കെട്ടിടത്തിന്റെ ഉടമ എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ് അന്വേഷണം ആരംഭിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 143(1), 143(3), 3(5) എന്നിവയ്ക്ക് പുറമെ അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരവുമാണ് (ITPA) ഫറസ്ഖാന പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തി കടന്ന് ഇവരെ എങ്ങനെ ഇന്ത്യയിലെത്തിച്ചു എന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെക്കുറിച്ചും വിശദമായ അന്വേഷണം നടന്നു വരികയാണ് എന്ന് പൂനെ പൊലിസ് വ്യക്തമാക്കി.
Pune police rescued five Bangladeshi women from a brothel in the Budhwar Peth area during a late-night raid on Thursday. The victims were lured to India with false promises of jobs in beauty parlors and tailoring units but were instead held captive and forced into prostitution at the "Janata Building."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."