ദുബൈയിലേക്കും ദോഹയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ; വ്യോമാതിർത്തി അടച്ചതോടെ യാത്രാ പ്രതിസന്ധി രൂക്ഷം
മസ്‌കത്ത്: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തെത്തുടർന്ന് വ്യോമാതിർത്തികൾ അടച്ചതോടെ വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. മാർച്ച് 9 മുതൽ മാർച്ച് 11 വരെയുള്ള നിരവധി പ്രാദേശിക, അന്താരാഷ്ട്ര സർവീസുകളാണ് റദ്ദാക്കിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വ്യോമയാന മേഖലയിൽ നിയന്ത്രണങ്ങൾ തുടരുന്നതിനാലാണ് അടിയന്തര നടപടിയെന്ന് എയർലൈൻ ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മസ്‌കത്തിനെ വിവിധ ഗൾഫ് നഗരങ്ങളുമായും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്ന വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടവയിൽ ഭൂരിഭാഗവും. അമ്മാൻ, ബഹ്‌റൈൻ, ദമ്മാം, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസാബ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
വ്യോമാതിർത്തിയിലെ തടസ്സങ്ങൾ കാരണം വിമാനങ്ങൾ കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഒമാൻ എയർ വ്യക്തമാക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ ഉടൻ തന്നെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്യുമെന്നും എയർലൈൻ അറിയിച്ചു.
വിമാനങ്ങൾ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർ ഏറ്റവും പുതിയ സമയവിവരങ്ങൾക്കായി ഒമാൻ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ പരിശോധിക്കേണ്ടതാണ്. തങ്ങളുടെ ബുക്കിംഗുകൾ ഓൺലൈനായി മാനേജ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. യാത്രാ തടസ്സങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഒമാൻ എയർ ഖേദം പ്രകടിപ്പിച്ചു.
oman air has cancelled several flights to dubai and doha after regional airspace closures triggered major travel disruptions. passengers are facing delays and cancellations as airlines adjust schedules while authorities monitor the evolving situation across gulf aviation routes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."