ദീപപ്രഭയില്‍ അനന്തപുരി; ആഘോഷ മേളങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഉത്സവലഹരിയിലായ അനന്തപുരിയെ വര്‍ണപ്രഭയിലാക്കി നഗരത്തിലെ പ്രധാനവീഥികളില്‍ അലങ്കാരദീപങ്ങള്‍ തെളിഞ്ഞു. ഇതോടെ ഓണത്തെ വരവേല്‍ക്കാനുള്ള നഗരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണതയിലെത്തി. നാടുകാത്തിരിക്കുന്ന ഓണാഘോഷപൂരത്തിന് ഔദ്യോഗികമായി ഇന്ന് തിരിതെളിയും.
കനകക്കുന്ന് കൊട്ടാരത്തില്‍ ഇന്നലെ വൈകിട്ട് 6.30ന് വൈദ്യുതി ദേവസ്വം മന്ത്രിയും ഓണാഘോഷകമ്മിറ്റി ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചതോടെയാണ് കവടിയാര്‍ കൊട്ടാരം മുതല്‍ അട്ടക്കളങ്ങര വരെ റോഡിന്റെ ഇരുവശവും ദീപാലങ്കാരങ്ങള്‍ മിഴിതുറന്നത്. ഒപ്പം വര്‍ണാഭമായ ഓണപ്പതാക ഉയര്‍ത്തലും മന്ത്രി നിര്‍വഹിച്ചു. റോഡിനിരുപുറവുമുള്ള സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളും മരങ്ങളും വൈദ്യുത ദീപമാലകളാല്‍ അലംകൃതമായ കാഴ്ച നഗരത്തിന് ഉത്സവഛായ പകര്‍ന്നു. ഇത്തവണ ദീപാലങ്കാരം നഗരത്തിന് പുറത്തേക്കുകൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ആക്കുളം പാലം മുതല്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ വരെയും രാജവീഥിയിലെ പോലെ മനോഹരമായ വിളക്കുമാലകള്‍ തെളിയിച്ചത് ആഘോഷത്തിന്റെ പകിട്ട് കൂട്ടി. വ്യാപാരി വ്യവസായികളുടെയും ടെക്‌നോപാര്‍ക്ക് സംരംഭകരുടെയും നേതൃത്വത്തിലാണ് ആക്കുളം മുതല്‍ കഴക്കൂട്ടം വരെ ദീപാലങ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സൂര്യകാന്തിയില്‍ കേരളത്തനിമയുള്ള ഉല്‍പന്നങ്ങളാല്‍ സമൃദ്ധമായ സ്റ്റാളുകളുമായി ഓണം ട്രേഡ്‌ഫെയറും എക്‌സിബിഷനും തുടങ്ങി. വൈകിട്ട് നാലിന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത വ്യാപാരമേളയില്‍ നൂറോളം സ്റ്റാളുകളാണുള്ളത്.
കരകൗശലവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഫാന്‍സി സാധനങ്ങള്‍, തുണിത്തരങ്ങള്‍, എന്നിവയുടെ സ്റ്റാളുകള്‍ക്കു അനുബന്ധമായി പുതുമയാര്‍ന്ന വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ലക്ഷ്യമിട്ട് ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയും ആരംഭിച്ചു. ഓണാഘോത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന് കീഴില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ മീഡിയാസെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മീഡിയാസെന്ററിന്റെ പ്രവര്‍ത്തനം ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ എം.എല്‍.എ മാരായ ഐ.ബി സതീഷ്, അഡ്വ ബി സത്യന്‍, ഡി.കെ മുരളി, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ടൂറിസം ഡയറക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബാലമുരളി, ഐ.പി.ആര്‍.ഡി ഡയറക്ടര്‍ ഡോ കെ. അമ്പാടി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്.ആര്‍. ശക്തിധരന്‍, പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, സെക്രട്ടറി കെ.ആര്‍. അജയന്‍, കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."