അവഗണനയുടെ നിഴലില്‍ വാഴയ്ക്കാട്ടുചിറ ബസ് സ്റ്റാന്‍ഡ്
ചങ്ങനാശേരി: ചങ്ങനാശേരി മൂന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു ഇന്നും അവഗണന മാത്രം. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ ആരംഭിച്ച വാഴയ്ക്കാട്ടുചിറ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം.
കോട്ടയം -ചങ്ങനാശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ മൂന്നാം നമ്പര്‍ സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് തുടങ്ങണമെന്നായിരുന്നു നേരത്തെ പുറത്തിറക്കിയ നിര്‍ദേശം. ഗതാഗതക്കുരുക്കിന് പരിഹാരം തേടി ആറു വര്‍ഷം മുന്‍പായിരുന്നു ഈ സ്റ്റാന്‍ഡ് പുനര്‍നിര്‍മാണം നടത്തിയത്. പക്ഷേ, ടൂറിസ്റ്റ് ബസുകളും ലോറികളും മാത്രമായിരുന്നു ഇവിടെ പാര്‍ക്ക് ചെയ്തത്.
പ്രൈവറ്റ് ബസുകള്‍ ഒന്നും തന്നെ ഇവിടെ നിര്‍ത്തുകയോ സ്റ്റാന്‍ഡില്‍ ഉപയോഗപ്പെടുത്തുകയോ ചെയ്തിരുന്നില്ല. കോട്ടയത്തുനിന്നു വരുന്ന ബസുകള്‍ എല്ലാം തന്നെ പെരുന്നയില്‍ സ്റ്റാന്‍ഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതിന് കാരണമായി ബസ് ജീവനക്കാര്‍ പറയുന്നത് വാഴയ്ക്കാട്ടുചിറ സ്റ്റാന്‍ഡില്‍ പാര്‍ക്കിംഗ് ആരംഭിച്ചാല്‍ ടൗണിലേക്കുള്ള യാത്രക്കാര്‍ സ്വകാര്യബസ് സേവനം ഉപയോഗപ്പെടുത്തില്ലെന്നാണ്.
ഇവിടെ നിന്നും കുറച്ചു ദൂരം യാത്ര ചെയ്താലേ പെരുന്ന ഭാഗത്തേക്ക എത്തുവാന്‍ സാധിക്കു.അതിനാല്‍ ഭൂരിഭാഗമാളുകളും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുമെന്ന കണക്കുകൂട്ടലാണിവര്‍ക്ക്.
അതേ സമയം, സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കിയാല്‍ സ്വാഭാവികമായും ടൗണിലെ ട്രാഫിക്കിന് പരിധിവരെ പരിഹാരം കണ്ടെത്താനാകുമെന്ന നിലപാടിലാണ് ഒരുകൂട്ടര്‍. മാത്രമല്ല, വാഴയ്ക്കാട്ടുചിറയില്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളും മറ്റും ആരംഭിക്കാനും സഹായകരമാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
വേഴയ്ക്കാട്ടുചിറയിലുള്ള മൂന്നാം നമ്പര്‍ ബസ്സ്റ്റാന്‍ഡില്‍നിന്നും സര്‍വീസ് ആരംഭിക്കണമെന്നും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഈ സ്റ്റാന്‍ഡില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ യോഗവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.പായിപ്പാടു ഭാഗത്തുനിന്നും വരുന്ന ടൗണ്‍ സര്‍വീസുകളും മാവേലിക്കര ഭാഗത്തുനിന്നും വരുന്ന ബസുകളും പെരുന്നയിലുള്ള രണ്ടാം നമ്പര്‍ സ്റ്റാന്‍ഡില്‍ക്കൂടി മൂന്നാം നമ്പര്‍ സ്റ്റാന്‍ഡിലെത്താന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ പറയുന്നു.
വിദ്യാര്‍ഥികളും യാത്രക്കാരും ബസ് കാത്തുനില്‍ക്കുന്ന കുരിശുംമൂട് ജങ്ഷന്‍, സെന്റ് ആന്‍സ്, എസ്ബി ഹൈസ്‌കൂള്‍ ജങ്ഷന്‍, ബൈപാസ് റോഡില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന് എതിര്‍വശം എന്നിവിടങ്ങളില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പോലീസ്എയ്ഡ് പോസ്റ്റും നിര്‍മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."