ബൈക്കുകൾ മോഷ്ടിക്കും, രൂപമാറ്റം വരുത്തി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോഴിക്കോട് 'കുട്ടി മോഷ്ടാക്കൾ' പിടിയിൽ
കോഴിക്കോട്: നഗരത്തിൽ ബൈക്ക് മോഷണം പതിവാക്കിയ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പൊലിസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് ബൈക്കുകളാണ് ഈ സംഘം കവർന്നത്. മോഷണം പോയ ബൈക്കുകൾ തിരിച്ചറിയാത്ത വിധം രൂപമാറ്റം വരുത്തി കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി.
പിടികൂടിയത് ഇങ്ങനെ
ബൈക്ക് മോഷണം വർദ്ധിച്ചതോടെ നഗരപരിധിയിൽ പൊലിസ് പരിശോധന ശക്തമാക്കിയിരുന്നു. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, ട്രാഫിക് പൊലിസ് നടത്തിയ സാധാരണ വാഹന പരിശോധനയ്ക്കിടെയാണ് വഴിത്തിരിവുണ്ടായത്.പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ബൈക്കുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലിസ് അവനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു.കുട്ടിയുടെ മറുപടികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ അന്വേഷണം നടത്തി. ഇതോടെയാണ് നഗരത്തെ വിറപ്പിച്ച മോഷണ സംഘത്തിലെ കണ്ണിയാണ് ഇതെന്ന് വ്യക്തമായത്.പിടിയിലായ കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിച്ചത്.
വിൽപന രീതി
മോഷണം നടത്തുന്ന ബൈക്കുകൾ ഉടൻ തന്നെ വർക്ക്ഷോപ്പുകളിലോ രഹസ്യ കേന്ദ്രങ്ങളിലോ എത്തിച്ച് രൂപമാറ്റം വരുത്തും. തുടർന്ന് 4,000 രൂപ മുതൽ 10,000 രൂപ വരെ മാത്രം ഈടാക്കിയാണ് ഇവ മറിച്ചുവിറ്റിരുന്നത്. ഈ പണം ആഡംബര ജീവിതത്തിനാണോ അതോ മറ്റ് ലഹരി ഉപയോഗങ്ങൾക്കാണോ ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
അന്വേഷണം തുടരുന്നു
സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇവർക്ക് സഹായം നൽകുന്ന വർക്ക്ഷോപ്പുകൾ ഉണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. മോഷ്ടിച്ച ബൈക്കുകൾ വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."