ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ
ജക്കാർത്ത: ഇന്ത്യയുടെ പക്കൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ. ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് റിക്കോ റിക്കാർഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2026 മാർച്ച് 9 മുതൽ മിസൈൽ സംവിധാനങ്ങൾ കൈമാറിത്തുടങ്ങും.
ഇന്തോനേഷ്യയുടെ സമുദ്രസുരക്ഷ ശക്തമാക്കുന്നതിന്റെയും സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ഏകദേശം 200 മുതൽ 350 മില്യൺ ഡോളർ വരെയാണ് ഈ ഇടപാടിന്റെ മൂല്യമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ഇന്തോനേഷ്യ. 2022-ൽ ഫിലിപ്പീൻസ് 375 മില്യൺ ഡോളറിന്റെ കരാർ ഇന്ത്യയുമായി ഒപ്പിട്ടിരുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലുകളിൽ ഒന്നായാണ് ബ്രഹ്മോസ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്ക്വ നദിയുടെയും പേരുകൾ ചേർത്താണ് ഇതിന് 'ബ്രഹ്മോസ്' എന്ന് പേരിട്ടത്. മാത്രമല്ല, ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ മിസൈലിനെ തടയുക നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് എളുപ്പമല്ല. കൂടാതെ, 290 കിലോമീറ്റർ മുതൽ 800 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഇവ കപ്പലുകൾ, വിമാനങ്ങൾ, അന്തർവാഹിനികൾ, കരയിലുള്ള ലോഞ്ചറുകൾ എന്നിവയിൽ നിന്നെല്ലാം വിക്ഷേപിക്കാൻ സാധിക്കും.
വിക്ഷേപിച്ചു കഴിഞ്ഞാൽ ലക്ഷ്യം സ്വയം കണ്ടെത്തുന്ന 'ഫയർ ആൻഡ് ഫോർഗെറ്റ്' രീതിയിലാണ് ബ്രഹ്മോസ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും റഷ്യയുടെ എൻപിഒയും ചേർന്നാണ് ഈ മിസൈൽ നിർമ്മിച്ചിരിക്കുന്നത്.
In a significant boost to India’s defense exports, Indonesia has officially signed a deal to acquire the BrahMos supersonic cruise missile system. Announced by Indonesian Defense Ministry spokesperson Rico Ricardo, the agreement aligns with the nation’s military modernization and maritime security goals. Delivery of the world’s fastest supersonic missile is scheduled to commence on March 9, 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."