ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ
ബെലോ ഹൊറിസോണ്ടെ (ബ്രസീൽ): ബ്രസീലിലെ കാമ്പിയോനാറ്റോ മിനേറോ ഫൈനൽ മത്സരം അക്ഷരാർത്ഥത്തിൽ ഒരു യുദ്ധക്കളമായി മാറി. അത്‌ലറ്റിക്കോ മിനെയ്‌റോയും ക്രൂസീറോയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഉടലെടുത്ത വൻ സംഘർഷത്തിൽ റഫറി ആകെ 23 ചുവപ്പ് കാർഡുകളാണ് പുറത്തെടുത്ത് വീശിയത്. ഇതിൽ 12 എണ്ണം ക്രൂസീറോ താരങ്ങൾക്കും 11 എണ്ണം അത്‌ലറ്റിക്കോ മിനെയ്‌റോ താരങ്ങൾക്കുമാണ് ലഭിച്ചത്.
സംഘർഷത്തിന്റെ തുടക്കം:
— DG (@gols000000) March 8, 2026
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രൂസീറോ താരം ക്രിസ്റ്റ്യൻ പന്ത് എടുക്കാൻ ശ്രമിക്കവേ അത്‌ലറ്റിക്കോ ഗോൾകീപ്പർ എവർസണുമായി കൂട്ടിയിടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കുപിതനായ എവർസൺ ക്രിസ്റ്റ്യനെ നിലത്തേക്ക് തള്ളിയിടുകയും കാൽമുട്ടുകൾ കൊണ്ട് അമർത്തുകയും ചെയ്തു. ഇത് കണ്ട ക്രൂസീറോ താരങ്ങൾ ഗോൾകീപ്പറെ വളഞ്ഞതോടെ ഇരു ടീമിലെയും കളിക്കാരും പകരക്കാരും പരിശീലകരും തമ്മിൽ കൂട്ടത്തല്ല് ആരംഭിച്ചു.
ഹൾക്കിന്റെ പ്രഹരം:
അത്‌ലറ്റിക്കോ മിനെയ്‌റോ നായകനും പ്രശസ്ത ബ്രസീലിയൻ താരവുമായ ഹൾക്ക് സംഘർഷത്തിനിടയിൽ എതിരാളിയുടെ തലയ്ക്ക് പിന്നിൽ അടിക്കുന്നത് ക്യാമറയിൽ പതിഞ്ഞു. ക്രൂസീറോ താരങ്ങളിൽ ഒരാൾ ഹൾക്കിനെ നെഞ്ചിൽ ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈനിക പൊലിസും സെക്യൂരിറ്റി ജീവനക്കാരും മൈതാനത്തിറങ്ങിയാണ് മിനിറ്റുകൾ നീണ്ട ഈ 'യുദ്ധസമാനമായ അന്തരീക്ഷം' ശാന്തമാക്കിയത്.
ഗിന്നസ് റെക്കോർഡ് കൈവിട്ടു
ഒരൊറ്റ മത്സരത്തിൽ ഇത്രയധികം ചുവപ്പ് കാർഡുകൾ നൽകിയത് ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ പുതിയ റെക്കോർഡാണെങ്കിലും ലോക റെക്കോർഡ് തകർക്കാൻ ഇതിനായില്ല.നിലവിലെ ലോക റെക്കോർഡ് 2011-ൽ അർജന്റീനയിലെ ക്ലേപോളും വിക്ടോറിയാനോ അരീനസും തമ്മിലുള്ള മത്സരത്തിലാണ് 36 ചുവപ്പ് കാർഡുകളാണ് ഈ മത്സരത്തിൽ നൽകിയത്.മൈതാനത്തുണ്ടായിരുന്ന 22 കളിക്കാർക്കും സബ്സ്റ്റിറ്റ്യൂട്ടുകൾക്കും കോച്ചുമാർക്കും അന്ന് റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു.
മത്സരഫലം:
സംഘർഷങ്ങൾക്കിടയിലും ക്രൂസീറോ 1-0 ന് അത്‌ലറ്റിക്കോ മിനെയ്‌റോയെ പരാജയപ്പെടുത്തി കിരീടം ചൂടി. 60-ാം മിനിറ്റിൽ കെയോ ജോർജ് ആണ് വിജയഗോൾ നേടിയത്. എന്നാൽ ഈ വിജയത്തേക്കാൾ ലോകം ചർച്ച ചെയ്യുന്നത് മൈതാനത്ത് നടന്ന അക്രമ സംഭവങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."