'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ
അബുദബി: "നമ്മൾ രക്തസാക്ഷികളാകുമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും. ദൈവം നമുക്ക് ജീവൻ നൽകിയാൽ, നിങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത് കാണുന്നതാണ് എനിക്ക് സന്തോഷം..." - ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച യുഎഇ പൈലറ്റ് ഫസ്റ്റ് ലെഫ്റ്റനന്റ് അലി സാലിഹ് ഇസ്മായിൽ അൽ തുനൈജി തന്റെ അവസാന ദൗത്യത്തിന് മുൻപ് അയച്ച ശബ്ദസന്ദേശത്തിലെ വരികളാണിത്. മാതൃരാജ്യത്തോടുള്ള കടമ നിർവ്വഹിക്കുന്നതിനിടയിൽ ജീവൻ വെടിഞ്ഞ ഈ സൈനികന്റെ വാക്കുകൾ യുഎഇ നിവാസികളുടെ കണ്ണുനിറയ്ക്കുകയാണ്.
2026 മാർച്ച് 9 തിങ്കളാഴ്ചയാണ് യുഎഇയെ നടുക്കിയ അപകടം നടന്നത്. ഡ്യൂട്ടിയിലായിരിക്കെ സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തകരുകയായിരുന്നു. അപകടത്തിൽ ക്യാപ്റ്റൻ പൈലറ്റ് സയീദ് റാഷിദ് ഹമദ് അൽ ബലൂഷിയും ഫസ്റ്റ് ലെഫ്റ്റനന്റ് അലി സാലിഹ് ഇസ്മായിൽ അൽ തുനൈജിയും വീരമൃത്യു വരിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
രക്തസാക്ഷികളായ സൈനികർക്ക് രാജ്യം ഇന്ന് വിട നൽകും. റാസൽഖൈമയിലെ അൽ റാംസിലുള്ള അബ്ദുല്ല അൽ അമാഷി പള്ളിയിൽ ളുഹർ നമസ്കാരത്തിന് ശേഷം അലി അൽ തുനൈജിയുടെ മയ്യിത്ത് നമസ്കാരം നടക്കും. അൽ ഐനിലെ അൽ മുഅതറെദ് അൽ കബീർ പള്ളിയിൽ വച്ചാകും സയീദ് അൽ ബലൂഷിയുടെ അന്ത്യകർമ്മങ്ങൾ നടക്കുക.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, സഊദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ യുഎഇയുടെ ഈ വലിയ നഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തി.
സംഘർഷഭരിതമായ സാഹചര്യം; പ്രതിരോധം തുടരുന്നു
ഫെബ്രുവരി 28 മുതൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ ദൗത്യം നടന്നത്. ഇറാൻ തൊടുത്തുവിടുന്ന മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ യുഎഇ സേന രാപകൽ കഠിനാധ്വാനം ചെയ്യുകയാണ്.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 238 ബാലിസ്റ്റിക് മിസൈലുകളും 1,422 ഡ്രോണുകളുമാണ് ഇറാൻ യുഎഇ ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. ഇതിൽ 221 മിസൈലുകളും 1,342 ഡ്രോണുകളും യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
the final words of uae pilot al tunaiji, saying “if martyrdom is destined it will happen,” have deeply moved people across the country. his message reflects courage, sacrifice, and devotion to duty, leaving a lasting emotional impact on many.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."