ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ
ന്യൂഡൽഹി/ദുബൈ: വിമാന സർവീസുകൾ താറുമാറാക്കി ഇറാൻ-ഇസ്റാഈൽ സംഘർഷം. വ്യോമാതിർത്തി നിയന്ത്രണങ്ങളും സുരക്ഷാ ഭീഷണികളും കാരണം ഇൻഡിഗോയുടെ രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലണ്ടനിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുമുള്ള വിമാനങ്ങളാണ് യാത്ര തടസ്സപ്പെട്ട് മണിക്കൂറുകളോളം വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് 300 യാത്രക്കാരുമായി പുറപ്പെട്ട 6E002 ഇൻഡിഗോ വിമാനമാണ് ആദ്യം പ്രതിസന്ധിയിലായത്. എറിട്രിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനം ഈജിപ്തിലെ കെയ്‌റോയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ചെങ്കടലിന് മുകളിൽ നിന്ന് യു-ടേൺ എടുത്ത് കെയ്‌റോയിൽ ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാർ എട്ടു മണിക്കൂറിലധികം അവിടെ കുടുങ്ങി.
യാത്രക്കാരുടെ വിസ നടപടികളും ഹോട്ടൽ താമസവും എയർലൈൻ ക്രമീകരിച്ചതായും ചൊവ്വാഴ്ചയോടെ യാത്ര പുനരാരംഭിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ജോലി സമയ പരിധി അവസാനിച്ചതും വിമാനം അവിടെ തങ്ങാൻ കാരണമായി.
മാഞ്ചസ്റ്റർ വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങി
തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട 6E033 വിമാനത്തിനും സമാനമായ പ്രതിസന്ധി നേരിട്ടു. എറിട്രിയൻ അതിർത്തിക്ക് സമീപം വെച്ച് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ വിമാനത്തിന് യാത്ര തുടരാനായില്ല. ഇതോടെ ഉച്ചയ്ക്ക് 2:30-ഓടെ വിമാനം തിരികെ ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തു. യാത്ര പുനരാരംഭിക്കുന്നതിനായി അന്താരാഷ്ട്ര അധികൃതരുമായി ചർച്ച നടത്തിവരികയാണെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
യാത്രാസമയം വർദ്ധിക്കുന്നു; 100-ലേറെ വിമാനങ്ങൾ റദ്ദാക്കി
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഇന്ത്യൻ വിമാനങ്ങൾ ഇപ്പോൾ ആഫ്രിക്കൻ വൻകരയ്ക്ക് മുകളിലൂടെ ചുറ്റിക്കറങ്ങിയാണ് യൂറോപ്പിലേക്ക് പോകുന്നത്. ഇതിന്റെ ഫലമായി യൂറോപ്പിലേക്കുള്ള യാത്രാസമയം 10 മണിക്കൂറിലധികം ആയി വർദ്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള നൂറിലധികം അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയത്.
"മിഡിൽ ഈസ്റ്റിലെ മാറുന്ന സാഹചര്യങ്ങൾ കാരണം വിമാനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്," - ഇൻഡിഗോ വക്താവ് വ്യക്തമാക്കി. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.
amid rising tensions between iran and israel, several indigo flights were diverted, leaving hundreds of passengers stranded in cairo and delhi. airlines are closely monitoring the situation as airspace restrictions and security concerns disrupt international flight routes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."