'അവനിൽ ഞാൻ വിവിയൻ റിച്ചാർഡ്‌സിനെ കണ്ടു'; സൂപ്പർ താരത്തിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസന്റെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. സഞ്ജുവിന്റെ ബാറ്റിംഗിൽ വിഖ്യാത താരങ്ങളായ വിവിയൻ റിച്ചാർഡ്‌സിനെയും മഹേല ജയവർധനയെയും താൻ കണ്ടുവെന്ന് ഗവാസ്‌കർ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം ടൂർണമെന്റിൽ ഇന്ത്യയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് സഞ്ജുവിന്റെ ബാറ്റിംഗായിരുന്നു.
ഓരോ മത്സരവും നോക്കൗട്ട് ആയി മാറിയ നിർണ്ണായക ഘട്ടത്തിൽ അർദ്ധസെഞ്ച്വറികളുടെ ഹാട്രിക് കുറിച്ച സഞ്ജു, ടൂർണമെന്റിലെ താരമായും മാറി. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 89 റൺസ് നേടിയ താരം, ഇംഗ്ലണ്ടിനെതിരെ 97 റൺസും ന്യൂസിലൻഡിനെതിരെ 89 റൺസും അടിച്ചുകൂട്ടി.
ഇംഗ്ലണ്ടിന്റെ ലോകോത്തര ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറെ സഞ്ജു നേരിട്ട രീതി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവാസ്‌കർ പറഞ്ഞു. മുൻപത്തെ മത്സരങ്ങളിൽ ആർച്ചറുടെ വേഗതയ്ക്ക് മുന്നിൽ പതറിയ സഞ്ജു, ഇത്തവണ വെറും 14 പന്തിൽ നിന്ന് 38 റൺസാണ് ആർച്ചർക്കെതിരെ മാത്രം അടിച്ചെടുത്തത്. ഇതിലെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്‌സിന്റെ കരുത്തിനെ ഓർമ്മിപ്പിച്ചപ്പോൾ, ബാറ്റിംഗിലെ ക്ലാസിക് ശൈലി ശ്രീലങ്കൻ താരം മഹേല ജയവർധനയുടേതിന് സമാനമായിരുന്നുവെന്ന് സ്‌പോർട്‌സ്റ്റാറിലെ തന്റെ കോളത്തിൽ ഗവാസ്‌കർ കുറിച്ചു.
തുടക്കത്തിൽ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കില്ലെന്ന് കരുതിയിരുന്ന സഞ്ജുവിന്, അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും റിങ്കു സിംഗിന്റെ അഭാവവുമാണ് വഴിതുറന്നത്. ലഭിച്ച അവസരം പരമാവധി മുതലെടുത്ത സഞ്ജു, ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തുകൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. വരും വർഷങ്ങളിൽ ക്രിക്കറ്റ് ലോകം ഓർമ്മിക്കുന്ന 'മൂന്ന് മുത്തുമാലകൾ' പോലുള്ള ഇന്നിംഗ്‌സുകളാണ് സഞ്ജു കാഴ്ചവെച്ചതെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.
cricket legend sunil gavaskar showered praise on a rising superstar, saying his fearless batting reminds him of vivian richards. the comparison has sparked excitement among fans, highlighting the player’s aggressive style, confidence, and ability to dominate bowlers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."