വാള്‍പ്പയറ്റില്‍ കരുത്തു കാട്ടി ഇടുക്കിയും വയനാടും
തൊടുപുഴ: തൊടുപുഴ വിമല പബ്ലിക് സ്കൂളില്‍ നടക്കുന്ന സബ്ജൂനിയര്, കേഡറ്റ് വിഭാഗം സംസ്ഥാന ഫെന്‍സിങ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും ഇടുക്കിയുടെ മുന്നേറ്റം. കേഡറ്റ് വിഭാഗം പോരാട്ടത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇടുക്കി സ്വന്തമാക്കിയത്. വയനാടും എറണാകുളവും മത്സരത്തില്‍ കരുത്തു കാട്ടി.
ഫോയില്‍, സാബ്റേ, എപ്പി ഇനങ്ങളിലാണ് വാള്‍പയറ്റ് മത്സരം അരങ്ങേറുന്നത്. ഫോയില്‍ ആണ്‍വിഭാഗത്തില്‍ ഇടുക്കി ടീം സ്വര്‍ണ്ണം നേടി.തിരുവനന്തപുരം വെള്ളിയും എറണാകുളവും വയനാടും മൂന്നാം സ്ഥാനം പങ്കിട്ട് വെങ്കലവും നേടി. കേഡറ്റ് ആണ്‍വിഭാഗം എപ്പിയില്‍ എറണാകുളം സ്വര്‍ണ്ണനേട്ടം കൈവരിച്ചപ്പോള്‍ വയനാട് വെള്ളിയണിഞ്ഞു. ഇടുക്കിയും വയനാടും മൂന്നാം സ്ഥാനം പങ്കിട്ട് വെങ്കലമെഡിലിനും അര്‍ഹരായി.
സാബ്റേയിലും എറണാകുളത്തിനായിരുന്നു ആധിപത്യം. എറണാകുളത്തെ കുട്ടികള്‍ സ്വര്‍ണം കൊയ്തപ്പോള്‍ തൃശൂര്‍ വെള്ളിയും വയനാടും ഇടുക്കിയും വെങ്കലവും കൈയ്യടക്കി. പെണ് വിഭാഗം ഫോയിലിലും എറണാകുളം സ്വര്ണത്തിനുടമകളായി.
കണ്ണൂരിനാണ് വെള്ളി. കൊല്ലവും വയനാടും വെങ്കലനേട്ടം കൊയ്തു. പെണ്‍വിഭാഗം എപ്പിയില്‍ വയനാട് സ്വര്‍ണം നേട്ടത്തോടെ തിരിച്ചു വരവ് നടത്തിയപ്പോള്‍ വെള്ളി നേടി തിരുവനന്തപുരം രണ്ടാം സ്ഥാനക്കാരായി. കണ്ണൂരും ഇടുക്കിയും മൂന്നാം സ്ഥാനം പങ്കിട്ടു. സാബ്റേയില് കണ്ണൂര്‍ ടീമിനാണ് സ്വര്‍ണം. കരുത്തുറ്റ പേരാട്ടത്തിലൂടെ വയനാട് വെള്ളിമെഡല്‍ തൊട്ടപ്പോള്‍ തൃശൂരും മലപ്പുറവുമാണ് വെങ്കലമെഡല്‍ ജേതാക്കളായി.
വ്യക്തിഗത പോരാട്ടങ്ങളാണ് ഇനി അരങ്ങേറാനുള്ളത്. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ 220 ഫെന്സര്മാരാണ് പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനത്തില്‍ പി ജെ ജോസഫ് എംഎല്‍എ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."