പാചകവാതക പ്രതിസന്ധി അതീവ ഗുരുതരം; ഗ്യാസ് സിലിണ്ടർ ഇനി അവശ്യവസ്തുക്കളുടെ പട്ടികയിൽ; ഹോട്ടലുകളിൽ സിലിണ്ടർ നിയന്ത്രണം
കൊച്ചി: പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ ലഭ്യതയിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇതോടെ പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയുന്നതിനായി എൽ.പി.ജി സിലിണ്ടറുകളെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കി.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിലായി തുടരുകയാണ്. കൊച്ചി നഗരത്തിൽ ഇന്നലെ മാത്രം നിരവധി ഹോട്ടലുകൾക്ക് വാതക ലഭ്യതയില്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു.
വാണിജ്യ സിലിണ്ടറുകൾ തീരെ ലഭ്യമല്ലാത്ത സാഹചര്യമാണെന്നും സർക്കാർ ഇടപെടൽ വൈകിയാൽ ഹോട്ടൽ മേഖല പൂർണ്ണമായും സ്തംഭിക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും സമാന സാഹചര്യമാണ്.
ഹോട്ടലുകളിൽ സിലിണ്ടർ നിയന്ത്രണം:
അതേസമയം സംസ്ഥാനത്തെ ഹോട്ടലുകളിൽ വാണിജ്യ സിലിണ്ടറുകൾ ശേഖരിച്ചു വെക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ലൈസൻസില്ലാതെ അഞ്ചിലധികം വാണിജ്യ സിലിണ്ടറുകൾ (100 കിലോയിൽ കൂടുതൽ) സ്റ്റോക്ക് ചെയ്യാൻ പാടില്ലെന്നാണ് പുതിയ നിർദ്ദേശം.
വാണിജ്യ കണക്ഷൻ പ്രകാരം അനുവദിച്ചിട്ടുള്ള നിശ്ചിത എണ്ണം സിലിണ്ടറുകൾക്ക് പുറമെ അധികമായി ശേഖരിക്കുന്നതിനാണ് ഈ നിയന്ത്രണം ബാധകമാവുക.
വൻകിട കേറ്ററിങ് സ്ഥാപനങ്ങൾ, ബോർമകൾ തുടങ്ങി വലിയ തോതിൽ സിലിണ്ടറുകൾ ഉപയോഗിക്കാൻ പ്രത്യേക ലൈസൻസുള്ളവർക്ക് പെർമിറ്റിൽ പറയുന്ന അളവിൽ സ്റ്റോക്ക് തുടരാം. അധിക സ്റ്റോക്കും ഗാർഹിക സിലിണ്ടറുകളുടെ അനധികൃത ഉപയോഗവും കണ്ടെത്താൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു.
അതേസമയം, സംസ്ഥാനത്തെ മൂന്ന് പൊതുമേഖലാ കമ്പനികളും വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിലിണ്ടറുകളുടെ അനാവശ്യ പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
നിലവിലുള്ള പാചകവാതക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിയം, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. എൽ.പി.ജി ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്. കൂടാതെ, വിതരണം നിരീക്ഷിക്കുന്നതിനായി എണ്ണക്കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട മൂന്നംഗ സമിതി രൂപീകരിച്ചു. ഇവർ ഇന്ന് വ്യവസായികളുമായി ചർച്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എയർ ഇന്ത്യ ഇന്ധന സർചാർജ് വർധിപ്പിച്ച വിഷയം ഇന്ന് പാർലമെന്റിൽ എംപിമാർ ഉന്നയിക്കും.
കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾ
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലേക്കുള്ള നിരവധി എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവ സുരക്ഷിതമായി എത്തിക്കുന്നതിന് നാവികസേനയുടെ അകമ്പടി നൽകുന്ന കാര്യവും കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതിനിടെ, ഇന്ധന സർചാർജ് വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടി ഇന്ന് പാർലമെന്റിൽ ഉയർത്താൻ എം.പിമാർ തീരുമാനിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
India is facing a severe cooking gas crisis due to the escalating conflict in West Asia. Petroleum Minister Hardeep Singh Puri stated that the supply of commercial cylinders could drop by 20% to 30%, leading the government to include LPG under the Essential Commodities Act to prevent hoarding and price hikes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."