വിമാനയാത്രക്കാർക്ക് 'ഷോക്ക്'! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ നിരക്കുകൾ നാളെ മുതൽ
ന്യൂഡൽഹി: വിദേശയാത്രയ്ക്കും ആഭ്യന്തര യാത്രയ്ക്കും തയ്യാറെടുക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായി എയർ ഇന്ത്യ. ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ ഗ്രൂപ്പ് തീരുമാനിച്ചു. ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധന വില (ATF) കുതിച്ചുയർന്നതാണ് നിരക്ക് വർദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. നാളെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
യാത്രക്കാർ അറിയാൻ: നിരക്ക് വർദ്ധനവ് ഇങ്ങനെ
മൂന്ന് ഘട്ടങ്ങളിലായാണ് സർചാർജ് വർദ്ധനവ് നടപ്പിലാക്കുന്നത്. ഇതിൽ ആദ്യ ഘട്ടം നാളെ (മാർച്ച് 12) മുതൽ ആരംഭിക്കും. പുതിയ ബുക്കിംഗുകൾക്ക് മാത്രമാണ് ഈ വർദ്ധനവ് ബാധകമാകുക.
ഒന്നാം ഘട്ടം (മാർച്ച് 12 മുതൽ)
ഇന്ത്യയിലെ ആഭ്യന്തര യാത്രകൾ: ടിക്കറ്റൊന്നിന് 399 രൂപ അധികം നൽകണം.
സാർക്ക് രാജ്യങ്ങൾ: 399 രൂപ വർദ്ധിക്കും.
മിഡിൽ ഈസ്റ്റ് (ഗൾഫ് രാജ്യങ്ങൾ): 10 ഡോളർ (ഏകദേശം 830 രൂപ) വർദ്ധിക്കും.
തെക്കുകിഴക്കൻ ഏഷ്യ: സർചാർജ് 40 ഡോളറിൽ നിന്ന് 60 ഡോളറായി ഉയരും.
ആഫ്രിക്ക: 60 ഡോളറിൽ നിന്ന് 90 ഡോളറായി വർദ്ധിക്കും.
രണ്ടാം ഘട്ടം (മാർച്ച് 18 മുതൽ):
യൂറോപ്പ്: 125 ഡോളർ.
അമേരിക്ക, ഓസ്ട്രേലിയ: നിലവിലെ 150 ഡോളറിൽ നിന്ന് 200 ഡോളറായി സർചാർജ് ഉയരും.
ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മൂന്നാം ഘട്ട വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും.
പഴയ ബുക്കിംഗുകൾക്ക് ബാധകമോ?
നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവരെ ഈ വർദ്ധനവ് ബാധിക്കില്ല. എന്നാൽ യാത്രാ തീയതി മാറ്റുകയോ റീബുക്ക് ചെയ്യുകയോ ചെയ്താൽ പുതിയ നിരക്ക് നൽകേണ്ടി വരും. പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്ന സാഹചര്യത്തിൽ, സർവീസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് നിലവിൽ ഇന്ധന സർചാർജ് ബാധകമല്ല എന്നത് ബജറ്റ് യാത്രക്കാർക്ക് ആശ്വാസകരമാണ്. യാത്രക്കാർ ബുക്കിംഗ് നടത്തുന്നതിന് മുമ്പ് എയർലൈൻ വെബ്സൈറ്റിലെ പുതുക്കിയ നിരക്കുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
air india has announced a sharp increase in flight ticket fares, leaving passengers surprised. the revised ticket prices will come into effect from tomorrow, impacting both domestic and international travelers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."