ഗോത്രസാരഥി പദ്ധതി താളം തെറ്റുന്നു ആദിവാസി കുട്ടികളുടെ പഠനം അനിശ്ചിതത്വത്തില്‍
തൊടുപുഴ: ആദിവാസി വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ ഗോത്രസാരഥി പദ്ധതിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ആദിവാസി കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനും പഠനിലവാരം ഉയര്‍ത്താനുമാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.
സര്‍ക്കാരില്‍നിന്ന് അനുവദിച്ചു കിട്ടേണ്ട പണം മാസങ്ങളായി സ്‌കൂളുകള്‍ക്ക് ലഭിക്കാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണം. ഭൂരിഭാഗം സ്‌കൂളുകളും കടക്കെണിയിലാണ്. ചില സ്‌കൂളുകളില്‍ പദ്ധതി നിലച്ചു. ഐടിഡിപിയില്‍നിന്ന് നിന്നുമാണ് സ്‌കൂളുകള്‍ക്ക് പണം അനുവദിക്കുന്നത്.
ജില്ലയില്‍ 33 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഗോത്രസാരഥി പദ്ധതി പ്രകാരം വാഹനം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ച വാഹനങ്ങളും വാടകയ്ക്ക് എടുത്ത വാഹനങ്ങളുമാണ് പദ്ധതി പ്രകാരം സര്‍വീസ് നടത്തിയിരുന്നത്. പലതവണ വാടക മുടങ്ങുന്ന സാഹചര്യം വന്നതോടെ വാഹന ഉടമകള്‍ ഇതില്‍ നിന്നും പിന്‍മാറിയതും പദ്ധതിക്കു തിരിച്ചടിയായി. ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമാണ് പദ്ധതി മുന്നോട്ടു പോകുന്നത്.പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ഗോത്രസാരഥി പദ്ധതി ആരംഭിച്ചിട്ടില്ല.
പദ്ധതി തുടങ്ങിയതില്‍ പിന്നെ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിച്ചിരുന്നു. ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ആദിവാസി കുടികളില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ക്കു പദ്ധതി ആശ്വാസകരമായിരുന്നു.
വാഹനം കിട്ടാതെ വന്നതും വാടക ഇനത്തില്‍ കുടിശിക വന്നതും സ്‌കൂളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. പല ഗവ. സ്‌കൂളുകള്‍ക്കും പദ്ധതി പ്രകാരം വന്‍തുകയാണ് ജില്ലാ ട്രൈബല്‍ ഓഫീസില്‍നിന്നും ലഭിക്കാനുള്ളത്. ജില്ലയിലെ മണിയാറന്‍കുടി, പൈനാവ്, വാഴത്തോപ്പ്, മൂലമറ്റം, പൂമാല തുടങ്ങിയ കുടികളില്‍ നിന്നും വനത്തിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചാണ് കുട്ടികള്‍ ക്ലാസിലെത്തിയിരുന്നത്.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. ഏഴു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇതാണ് കാലതാമസം നേരിടാന്‍ കാരണമെന്നാണ് ഐടിഡിപി ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന തുക ഉടന്‍തന്നെ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയിലെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാന്‍ തയാറെടുക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."