സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ
ദോഹ: മേഖലയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയുമായി ഖത്തർ. ഊർജ്ജം, വ്യോമയാനം, വാണിജ്യം തുടങ്ങിയ നിർണായക മേഖലകളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പറഞ്ഞു. അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രാദേശിക സംഘർഷങ്ങളിൽ ഖത്തറിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, സമാധാനത്തിനും സ്ഥിരതയ്ക്കുമാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് ആവർത്തിച്ചു. അയൽരാജ്യങ്ങൾക്കെതിരെ ഒരിക്കലും ആക്രമണത്തിന് മുതിരില്ലെന്ന ഖത്തറിന്റെ പ്രഖ്യാപിത നയം അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാൽ, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള നിയമപരമായ അവകാശം ഖത്തർ വിനിയോഗിക്കുമെന്നും അതിനായി എല്ലാ അന്താരാഷ്ട്ര മാർഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിസിസി രാജ്യങ്ങളിലെ സുരക്ഷയും സ്ഥിരതയും കേവലം ഒരു പ്രാദേശിക പ്രശ്നമല്ലെന്നും അത് ആഗോള സാമ്പത്തിക സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അൽ ഖുലൈഫി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വ്യാപാര പാതകളും ഊർജ്ജ വിതരണ ശൃംഖലകളും സുഗമമായി നിലനിർത്തുന്നതിൽ ഗൾഫ് രാജ്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഈ സംവിധാനങ്ങൾക്കുണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള വിപണികളെ സാരമായി ബാധിക്കും. അതിനാൽ സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒത്തൊരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Qatar has warned that targeting civilian centers is extremely dangerous amid escalating tensions in the region. officials stressed the need to protect civilians and called for restraint to prevent further escalation in the conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."