തൊടുപുഴ മേഖലയില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം
തൊടുപുഴ: ഓണത്തിന്റെ ഭാഗമായി തൊടുപുഴ മേഖലയില്‍ വിവിധയിടങ്ങളില്‍ ആഘോഷപരിപാടികള്‍ നടന്നു. മത്സരങ്ങള്‍, ഘോഷയാത്ര, സമ്മേളനങ്ങള്‍, പായസവിതരണം തുടങ്ങിയവയോടെയായിരുന്നു ആഘോഷങ്ങള്‍.
തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലായിരുനു ആഘോഷം. കുട്ടികളും അധ്യാപകരും പങ്കെടുത്ത വര്‍ണശബളമായ ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. മഹാബലിയും വാമനും മലയാളിമങ്കമാരും ഘോഷയാത്രയില്‍ അണിനിരന്നു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഓണപ്പായസവും വിളമ്പി. മുതലക്കോടം ഹോളി ഫാമിലി നഴ്‌സിംഗ് സ്‌ക്കൂളില്‍ വടംവലി മത്സരം സംഘടിപ്പിച്ചു.
കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് യു.പി സ്‌കൂളിലെ കുട്ടികള്‍ തൊടുപുഴ പ്രത്യാശ ഭവനിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഓണം ആഘോഷിച്ചത്. സ്‌കൂളിലെ കെ.ഡി.എസ്.എല്‍, ഡി.സി.എല്‍, ജൂനിയര്‍ റെഡ് ക്രോസ് യൂനിറ്റുകളാണ് ആഘോഷം സംഘടിപ്പിച്ചത്.
കുട്ടികള്‍ അവരുടെ പോക്കറ്റ് മണിയുടെ ഒരു ഭാഗം ചേര്‍ത്തുവച്ച് അന്തേവാസികള്‍ക്കായി ഓണവിഭവങ്ങള്‍ വാങ്ങി പ്രത്യാശാ ഭവനിലെത്തിച്ചു. താമസക്കാര്‍ക്ക് മധുരവും നല്‍കി. കലാപരിപാടികളും അവതരിപ്പിച്ചു.
മുതലക്കോടം സ്‌റ്റേഡിയം റസിഡന്റ്‌സ് അസോസിയേഷന്‍ ഒരുമയുടെ ഓണം എന്ന പേരില്‍ 13ന് ഓണാഘോഷം സംഘടിപ്പിക്കും. രാവിലെ ഒന്‍പതിന് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സീരിയല്‍ നടന്‍ അജയ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും. ജോസഫ് പൂച്ചാലില്‍ അധ്യക്ഷനാകും. കൗണ്‍സിലര്‍ ജെസി ജോണി മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണസദ്യ എന്നിവയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."