ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം; ഇറാഖ് എണ്ണതുറമുഖ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു
ബാഗ്ദാദ്: ഇറാഖ് തീരത്ത് രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട. ഇറാഖിന്റെ അല്‍ ഫോ തുറമുഖത്തിനടുത്താണ് ആക്രമമണമുണ്ടായത്. വിദേശ വാണിജ്യ ടാങ്കറുകളെയാണ് ഇറാന്‍ ആക്രമിച്ചത്. ഇറാഖിലെ തെക്കന്‍ നഗരമായ ബസ്‌റക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ആഴക്കടല്‍ തുറമുഖമാണിത്.
യു.എസ് ഉടമസ്ഥതയിലുള്ളതാണ് കപ്പലുകളെന്നാണ് റിപ്പോര്‍ട്ട്. മാള്‍ട്ടീസ് പതാകയുള്ള സെഫിറോസ്, യു.എസ് കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള മാര്‍ഷലീസ് ദ്വീപുകളിലെ പതാകയുള്ള സഫീസിയ വിഷ്ണു എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരാള്‍ കൊല്ലപ്പെട്ടതായും 38 പേരെ രക്ഷപ്പെടുത്തിയതായും സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കപ്പലുകള്‍ മാള്‍ട്ടയ്ക്കും മാര്‍ഷല്‍ ദ്വീപുകള്‍ക്കും കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. തീപിടുത്ത സമയത്ത് രണ്ട് കപ്പലുകളും അടുത്തടുത്തായി നങ്കൂരമിട്ടിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. കപ്പലുകളില്‍ തീ പടരുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ എണ്ണ കടലിലേക്ക് ഒഴുകുകയും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് തീ പടരുകയും ചെയ്തു. ഇരുടാങ്കറുകളിലുമായി 4 ലക്ഷം ബാരല്‍ ഇറാഖിയന്‍ എണ്ണ ഉണ്ടായിരുന്നതായി ഷിപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ ടാങ്കര്‍ട്രാക്കേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
സഫീസിയ വിഷ്ണു യു.എസ് ആസ്ഥാനമായുള്ള സഫീസിയ ട്രാന്‍സ്പോര്‍ട്ട് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം സെഫിറോസ് ഗ്രീസ് ആസ്ഥാനമായുള്ള കമ്പനിയുടേതാണ്.
അതിനിടെ, ഇസ്‌റാഈലിലേക്ക് ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം. നൂറ്റി അമ്പതോളം റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്‌റാഈലിലേക്ക് അയച്ചത്. ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ.ആര്‍.ജി.സി) ഏകോപനം നടത്തിയെന്ന് ഇറാന്‍ അറിയിച്ചു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ആദ്യമായാണ് ഹിസ്ബുല്ലയുമായി ഏകോപിപ്പിച്ച് ആക്രമണം നടത്തിയെന്ന് വ്യക്തമാക്കുന്നത്.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം റോക്കറ്റുകളും പ്രതിരോധിച്ചതായാണ് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നത്. രണ്ട് പേര്‍ക്ക് മാത്രമാണ് പരുക്കേറ്റതെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
ഹോര്‍മുസില്‍ ഇന്ത്യയിലേക്കുള്ള കപ്പലിനു നേരെ ആക്രമണം
മസ്‌കത്ത്: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയിലേക്കു വരുകയായിരുന്ന കാര്‍ഗോ കപ്പലിനു നേരെ ഇറാന്റെ ആക്രമണം. തീപിടിച്ച കപ്പലില്‍ നിന്ന് 20 ജീവനക്കാരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. മൂന്നുപേരെ കാണാതായി. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. തായ്ലന്റിന്റെ പതാകയുള്ള മയൂരി നാരീ കപ്പലാണ് ഒമാന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് ആക്രമണത്തിന് ഇരയായത്. വടക്കന്‍ ഒമാന്‍ അതിര്‍ത്തിയില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു കപ്പല്‍ സഞ്ചരിച്ചത്.
യു.എ.ഇയിലെ ഖലീഫ തുറമുഖത്തു നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് വരുകയായിരുന്നു കപ്പല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്തിട്ടുണ്ട്. തായ്ലന്റ് കമ്പനിയായ പ്രീഷ്യസ് ഷിപ്പിങ് പി.സി.എല്‍ കമ്പനിയുടേതാണ് കപ്പല്‍.
ഹോര്‍മുസ് കടലില്‍ മൂന്നു കാര്‍ഗോ കപ്പലുകളാണ് ഇന്നലെ മാത്രം ആക്രമണത്തിന് ഇരയായതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് (യു.കെ.എം.ടി.ഒ) അറിയിച്ചു. ജപ്പാന്റെ പതാകയുള്ള വണ്‍ മെജസ്റ്റി, മാര്‍ഷല്‍ ദ്വീപിന്റെ പതാകയുള്ള ബള്‍ക് കാരിയര്‍ സ്റ്റാര്‍ ഗ്വനേത്ത് എന്നിവയാണ് ആക്രമിക്കപ്പെട്ട മറ്റു കപ്പലുകള്‍.
ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടത് 13 കപ്പലുകള്‍
തെഹ്റാന്‍: ഹോര്‍മുസ് കടലില്‍ ഇതുവരെ ആക്രമിക്കപ്പെട്ടത് 13 കപ്പലുകള്‍. ഇന്നലെ മാത്രം മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായി. പ്രതിമാസം 3000 കപ്പലുകള്‍ കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്ക് പശ്ചിമേഷ്യയിലെ സുപ്രധാന കപ്പല്‍ചാലാണ്. ലോകത്തെ 20 ശതമാനം എണ്ണ കപ്പലുകളും കടന്നു പോകുന്നത് ഇതുവഴിയാണ്.
ഇറാന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഭൂരിഭാഗവും കൊണ്ടുപോകുന്നത് ഹോര്‍മുസ് വഴിയാണ്. യു.കെ മാരിടൈം ട്രേഡ് ഓപറേഷന്‍സിന്റെ കണക്കനുസരിച്ച് 13 കപ്പലുകളാണ് ഫെബ്രുവരി 28 ന് ഇറാന്‍ - ഇസ്റാഈല്‍ യുദ്ധം തുടങ്ങിയതു മുതല്‍ ആക്രമിക്കപ്പെട്ടത്. ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കൂടാതെ ഹോര്‍മുസില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഒമാനിലെ ദുകം തുറമുഖത്തും കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണമുണ്ടായിരുന്നു. ഇതും ചേര്‍ക്കുമ്പോള്‍ ആക്രമിക്കപ്പെട്ട കപ്പലുകളുടെ എണ്ണം 17 ആയി. അതിനിടെ, ഒരു ഡ്രോണ്‍ കടലില്‍ തകര്‍ത്തതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനും സമാധാനചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന സൂചന നല്‍കുന്ന നിലപാടുമായി ഇറാന്‍ രംഗത്തെത്തി. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട് ഇറാന്‍. ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍, തങ്ങള്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍ പാലിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ സൂചന നല്‍കി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും പാകിസ്ഥാന്‍ അധികൃതരുമായും നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര തലത്തിലുള്ള അവകാശങ്ങളും അമേരിക്കയും ഇസ്‌റാഈലും ഔദ്യോഗികമായി അംഗീകരിക്കണം. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാന് ഉണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങള്‍ക്ക് കൃത്യമായ പരിഹാരം നല്‍കണം. ഭാവിയില്‍ ഇറാന് നേരെ ആക്രമണങ്ങള്‍ നടത്തില്ലെന്ന് അമേരിക്കയും ഇസ്‌റാഈലും രേഖാമൂലം ഉറപ്പ് നല്‍കണം- എന്നിവയാണ് ഇറാന്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍.
iran reportedly attacked a us oil tanker near the iraq coast while hezbollah launched rockets at israel. iraq has also halted operations at its oil port amid rising middle east tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."