IPL 2026; ഓസീസ് ഇതിഹാസത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരവും ഗുജറാത്തിലേക്ക്
2026 ഐപിഎല്ലിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് അസിസ്റ്റന്റ് പരിശീലകനായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ വിജയ് ദാഹിയെ നിയമിച്ചു. ഇന്ത്യക്കായി 19 ഏകദിനത്തിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കളിച്ച വിജയ് ദാഹിയുടെ വരവ് ഗുജറാത്തിന് കൂടുതൽ കരുത്തേകുമെന്നുറപ്പാണ്. 2007ൽ ഡൽഹിയെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കാൻ വിജയ് ദാഹിക്ക് സാധിച്ചിരുന്നു.
നേരത്തെ ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡനെ ഗുജറാത്ത് ബാറ്റിംഗ് പരിശീലകനായി നിയമിച്ചിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഹെയ്ഡൻ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. 2010ൽ സിഎസ്കെ ഐപിഎല്ലിലെ ആദ്യ കിരീടം നേടിയപ്പോൾ ഹെയ്ഡൻ ടീമിന് വേണ്ടി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 2009 സീസണിൽ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും ഹെയ്ഡനാണ്. ബാറ്റിങ്ങിൽ വലിയ അനുഭവ പരിചയസമ്പത്തുള്ള ഹെയ്ഡനെ പോലുള്ള ഇതിഹാസം കോച്ചിന്റെ രൂപത്തിലെത്തുമ്പോൾ ഗുജറാത്ത് കൂടുതൽ ശക്തരായി മാറും.
മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. നെഹ്റക്കൊപ്പം ഹെയ്ഡൻ കൂടിയെത്തുമ്പോൾ ടീമിന്റെ ബാറ്റിംഗ് കൂടുതൽ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്. കഴിഞ്ഞ സീസണിൽ എലിമിനേറ്റർ വരെ മുന്നേറാൻ ശുഭ്മൻ ഗില്ലിനും സംഘത്തിനും സാധിച്ചിരുന്നു.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മത്സരം കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ പഞ്ചാബ് കിങ്സിനെതിരെയാണ്. ഐപിഎൽ 19ാം സീസണ് മാർച്ച് 28നാണ് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
വരാനിരിക്കുന്ന മാസങ്ങളിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."