വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ജില്ലാ പ്രസിഡന്റ് അതുല്‍ ഉള്‍പ്പടെയുള്ള അഞ്ച് പേര്‍ക്കാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം കോടതി വാദം കേട്ടിരുന്നു.
പ്രതികള്‍ മാരകായുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ആയുധം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അത്തരമൊരു ആക്രമണശ്രമം അവിടെ നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുകയും ചെയ്തു. തുടര്‍ന്ന് കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ജാമ്യ ഉത്തരവ്.
കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണമെന്നും ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നും കോടതി ഉത്തരവിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."