കൈവിടില്ല കേരളം; മാതാപിതാക്കള്‍ ഉപേക്ഷിച്ച 13 ദിവസം പ്രായമുള്ള കുഞ്ഞിന് ഇനി ശിശുക്ഷേമ സമിതിയുടെ തണല്‍
ആലപ്പുഴ: ജീവിതസാഹചര്യങ്ങള്‍ മൂലം മാതാപിതാക്കള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്ന 13 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് ഇനി കേരളത്തിന്റെ കരുതല്‍. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ വച്ച് ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ നിയമപരമായി കൈമാറിയ (സറണ്ടര്‍ ചെയ്ത) കുഞ്ഞിനെ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) ഏറ്റെടുത്തു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍ കുഞ്ഞിനെ ഔദ്യോഗികമായി സി.ഡബ്ല്യു.സി ഭാരവാഹികള്‍ക്ക് കൈമാറി.
പ്രസവശേഷം കുഞ്ഞിനെ വളര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി അധികൃതരെ ഏല്‍പ്പിക്കുന്ന 'സറണ്ടര്‍' നടപടി ക്രമത്തിലൂടെയാണ് കുഞ്ഞിനെ ഏറ്റെടുത്തത്. ഇത്തരത്തില്‍ കുഞ്ഞിനെ കൈമാറുന്ന രക്ഷിതാക്കള്‍ക്കെതിരെ പിന്നീട് യാതൊരുവിധ അന്വേഷണമോ നിയമ നടപടികളോ ഉണ്ടാകില്ല. എങ്കിലും എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടെങ്കില്‍ തിരികെ വരാന്‍ മാതാപിതാക്കള്‍ക്ക് 60 ദിവസത്തെ സമയം അനുവദിക്കും. ഈ കാലയളവിനുള്ളില്‍ ആരും എത്തിയില്ലെങ്കില്‍ കുഞ്ഞിനെ ദത്തെടുക്കല്‍ (അഡോപ്ഷന്‍) നടപടികളിലേക്ക് മാറ്റും.
കുഞ്ഞിന്റെ തുടര്‍ന്നുള്ള സംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവന്‍ നിര്‍വഹിക്കും. വണ്ടാനം മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ ഗീത, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജിജി ജോണ്‍, ശിശുവികാസ് ഭവന്‍ ഹോം മാനേജര്‍ മിഥുന്‍ ഷാ, സോഷ്യല്‍ വര്‍ക്കര്‍ പ്രിമ, സ്റ്റാഫ് നഴ്‌സ് അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.
A 13-day-old baby girl, legally surrendered by her migrant parents at Alappuzha Medical College, has been taken into custody by the Child Welfare Committee for safe upbringing and future adoption.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."