യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ലണ്ടന്‍: ജോലിസ്ഥലത്ത് കീഴുദ്യോഗസ്ഥയെ 'പോട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് നിരന്തരം അധിക്ഷേപിച്ച തൊഴിലുടമയ്ക്ക് വന്‍ പിഴ. വംശീയമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ഐറിഷ് സ്വദേശിനിയായ ബെര്‍ണാഡെറ്റ് ഹെയ്‌സിന് 23,526 പൗണ്ട് (ഏകദേശം 29 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടനിലെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
ലീഡ്‌സിലെ ഒരു സിവില്‍ എഞ്ചിനീയറിങ് കമ്പനിയില്‍ ബുക്ക് കീപ്പറായി ജോലി ചെയ്യുകയായിരുന്നു ബെര്‍ണാഡെറ്റ്. തന്റെ ഐറിഷ് പാരമ്പര്യത്തെ പരിഹസിക്കാനായി മേലുദ്യോഗസ്ഥനായ മിക്ക് ആറ്റ്കിന്‍സ് 'പോട്ടറ്റോ', 'സ്റ്റുപ്പിഡ് പാഡി' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് നിരന്തരം അപമാനിക്കാറുണ്ടായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ദേഷ്യം വരുമ്പോഴെല്ലാം ശത്രുതാപരമായ സമീപനമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.
ഓരോ തവണ അധിക്ഷേപിക്കുമ്പോഴും 'ആയിരം വെട്ടുകള്‍ ഏല്‍ക്കുന്ന വേദനയാണ്' താന്‍ അനുഭവിച്ചതെന്ന് ബെര്‍ണാഡെറ്റ് കോടതിയില്‍ പറഞ്ഞു. ആറു മാസത്തോളം നീണ്ടുനിന്ന ഈ മാനസിക പീഡനം തന്റെ ആത്മാഭിമാനത്തെ തകര്‍ക്കുകയും കടുത്ത ഉത്കണ്ഠയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്തു.
മേലുദ്യോഗസ്ഥന്റെ ഭയപ്പെടുത്തുന്ന സ്വഭാവം കാരണം പ്രതികരിക്കാന്‍ ഭയമായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജോലി ഉപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും യുവതി വ്യക്തമാക്കി. വ്യക്തികളുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണല്‍, മേലുദ്യോഗസ്ഥന്റേത് വംശീയമായ പീഡനമാണെന്ന് കണ്ടെത്തിയാണ് വിധി പുറപ്പെടുവിച്ചത്.
An Employment Tribunal ordered a UK employer to pay 23,526 GBP (approx. ₹29 Lakhs) to an Irish woman for racial harassment after he repeatedly mocked her heritage using slurs like 'Potato' and 'Stupid Paddy'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."