വിശക്കുന്നു എന്നും പറഞ്ഞ് ഭര്‍ത്താവിനെ പക്കോഡ വാങ്ങാന്‍ വിട്ടു, തിരിച്ചു വന്നപ്പോള്‍ ഭാര്യയെ 'കാണാനില്ല'
ലഖ്‌നോ: വിശക്കുന്നു എന്നും പറഞ്ഞ് ഭര്‍ത്താവിനെ പക്കോഡ വാങ്ങാന്‍ വിട്ടു. ഭര്‍ത്താവ് പക്കോഡയും വാങ്ങി തിരിച്ചു വന്നപ്പോഴോ ഭാര്യ ഇരുന്നിടത്ത് 'പൂട' പോലും ഇല്ല എന്നതായി സ്ഥിതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ നിന്നുള്ളതാണ് റിപ്പോര്‍ട്ട്. ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഭാര്യ ഭര്‍ത്താവിനെ വിദഗ്ധമായി കബളിപ്പിച്ച് മുങ്ങിയത്.
മിനിറ്റുകളുടെ ഇടവേളയിലാണ് നവവധു ബസ് സ്റ്റാന്‍ഡില്‍ നിന്ന് അപ്രത്യക്ഷയായത്.
അമ്രോഹ ജില്ലയിലെ താമസക്കാരനായ പ്രീതം സിങ്ങിന്റേതാണ് അനുഭവം. കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ഇയാളുടെ വിവാഹം. റാംപൂര്‍ ജില്ലയിലെ 18 വയസ്സുള്ള റിംജിം ആയിരുന്നു വധു. റിംജിം ഹോളി ആഘോഷിക്കാന്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായിരുന്നു. മാര്‍ച്ച് ഒമ്പതിന് പ്രീതം റിംജിമിനെ തിരികെ കൊണ്ടുവരാന്‍ പോയി. മടക്കയാത്രയ്ക്കിടെ, ബിലാരി ബസ് സ്റ്റാന്‍ഡില്‍ ഇവര് ഇറങ്ങി. അടുത്ത ബസിനായി കാത്തിരിക്കുന്നതിനിടെ റിംജിം തനിക്ക് വിശക്കുന്നുണ്ടെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. അടുത്തുള്ള കടയില്‍ നിന്ന് ചൂടുള്ള പക്കോഡ വാങ്ങി നല്കാനും ആവശ്യപ്പെട്ടു പ്രീതം ഇത് വാങ്ങിക്കാന്‍ പോയി. മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ലായിരുന്നു.
പരിസരമാകെ തെരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല. ആശങ്കാകുലനായ പ്രീതം പൊലിസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി. ഭാര്യ സ്വന്തം ഗ്രാമത്തിലെ ഒരു യുവാവിനൊപ്പം പോയിരിക്കാമെന്ന് സംശയിക്കുന്നതായാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബസ് സ്റ്റാന്‍ഡിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവരുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി അവര്‍ അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
a strange incident has been reported where a woman went missing after asking her husband to go out and buy pakoda. the husband returned home only to find that his wife had disappeared, raising questions and concern.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."