കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്
തിരുവനന്തപുരം: വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയുടെ (1) മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ അമ്മ അശ്വതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പൊലിസ് ചോദ്യം ചെയ്യലിലും വ്യക്തമായി. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവം ഇങ്ങനെ;
വ്യാഴാഴ്ച വൈകുന്നേരം വാമനപുരത്തെ അശ്വതിയുടെ കുടുംബവീട്ടിൽ വെച്ചാണ് സംഭവം. ജോലി കഴിഞ്ഞെത്തിയ മുത്തശ്ശി കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു.കുഞ്ഞിന്റെ കഴുത്തിലെ പാടുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും ശ്രദ്ധിച്ച വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരത പുറത്തുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ
അശ്വതിയുടെ മാനസികാവസ്ഥയും അനാവശ്യമായ ആശങ്കകളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് കരുതുന്നു.കുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന ശക്തമായ സംശയം അശ്വതിക്കുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും കുഞ്ഞിന് അസുഖമില്ലെന്ന് ഡോക്ടർമാർ വിധിച്ചിരുന്നു. എന്നാൽ അശ്വതി ഇത് വിശ്വസിച്ചിരുന്നില്ല.
രണ്ടാമത്തെ പ്രസവത്തിന് ശേഷം അശ്വതി ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞു നിൽക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുഞ്ഞിനോട് പലപ്പോഴും വിരക്തി കാണിച്ചിരുന്നതായും സൂചനയുണ്ട്.തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി ജുവനപുടി മഹേഷ് ഐപിഎസിൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ അശ്വതി പൊട്ടിക്കരഞ്ഞതായി പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."