വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്
കൊച്ചി: വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ എളമക്കര പൊലിസ് കേസെടുത്തു. കൊച്ചിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് പൊലിസിനെയും കാമുകനെയും ഒരുപോലെ വട്ടംകറക്കിയത്. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ യുവതിയുടെ നാടകം പൊളിയുകയായിരുന്നു.
സംഭവം ഇങ്ങനെ
വിദേശത്തുള്ള യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. എന്നാൽ കൊച്ചിയിൽ മറ്റൊരു യുവാവുമായും ഇവർ സൗഹൃദത്തിലായിരുന്നു.ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ കാമുകനൊപ്പം നടന്നുപോകുമ്പോൾ വിദേശത്തുള്ള കാമുകൻ യുവതിയെ ഫോണിൽ വിളിച്ചു. ഈ സമയം കൂടെയുള്ളത് ആരാണെന്ന് നാട്ടിലെ കാമുകൻ ചോദിച്ചത് ഫോണിലൂടെ വിദേശത്തുള്ളയാൾ കേട്ടു.
താൻ മറ്റൊരാൾക്കൊപ്പമാണെന്ന വിവരം പുറത്തറിഞ്ഞാൽ വിവാഹബന്ധം തകരുമെന്ന് ഭയന്ന യുവതി പെട്ടെന്ന് ഫോൺ കട്ട് ചെയ്യുകയും തട്ടിക്കൊണ്ടുപോകൽ നാടകം മെനയുകയുമായിരുന്നു.
പൊലിസിനെ വഴിതെറ്റിച്ച രീതി
തന്റെ ഒരു സുഹൃത്തിനെക്കൊണ്ട് പൊലിസ് കൺട്രോൾ റൂമിൽ (112) വിളിപ്പിച്ചാണ് യുവതി പരാതി നൽകിയത്. മീൻചിറ റോഡിലൂടെ നടന്നുപോകുമ്പോൾ ഒരു വെളുത്ത കാറിൽ വന്നവർ തന്നെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നായിരുന്നു മൊഴി. എളമക്കര പൊലിസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സിസിടിവി നൽകിയ തെളിവ്
യുവതി പറഞ്ഞ സമയത്ത് ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസിന് അസ്വാഭാവികമായി ഒരു കാറും കണ്ടെത്താനായില്ല. എന്നാൽ, അതേസമയത്ത് യുവതി ഒരു യുവാവിനൊപ്പം സന്തോഷത്തോടെ നടന്നുപോകുന്ന ദൃശ്യം പൊലിസിന് ലഭിച്ചു. ഇതോടെ മൊഴിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി പൊലിസ് ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
തെറ്റായ വിവരം നൽകി പൊലിസ് അന്വേഷണം വഴിതെറ്റിച്ചതിനും പരിഭ്രാന്തി പരത്തിയതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്. നിലവിൽ യുവതിയെ ജാമ്യത്തിൽ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."