പതിറ്റാണ്ടുകളുടെ കാര്‍ഷിക പെരുമയുമായി ചെറിയ തെയ്ക്കാനം ദ്വീപ്
നെടുമ്പാശ്ശേരി: ജില്ലയിലെ തന്നെ പ്രധാന കാര്‍ഷിക മേഖലകളില്‍ ഒന്നായ കുന്നുകര പഞ്ചായത്തിലെ ചെറിയതെയ്ക്കാനം ദ്വീപ് പതിറ്റാണ്ടിന്റെ പെരുമയില്‍. വെണ്ടയ്ക്ക, പടവലങ്ങ, വഴുതനങ്ങ, പാവയ്ക്ക, ചേന, ചീര, വെള്ളരി തുടങ്ങി പലതരം പച്ചക്കറികളും വിവിധതരം വാഴകളും ഇവിടെ കൃഷി ചെയ്യുന്നു. 400 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപില്‍ 170 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ബഹുഭൂരിഭാഗം ഭൂമിയും കാര്‍ഷിക വൃത്തിക്കാണ് ഉപയോഗികുന്നത്. വിവിധ കൃഷികള്‍ക്ക് ഏറ്റവും അനുയോജ്യമായ മണ്ണും കൂടിയാണ് ഇവിടെ. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും പലരും കാര്‍ഷിക വൃത്തി തന്നെ തിരഞ്ഞെടുക്കുന്നത്. അടുത്ത കാലം വരെ ദ്വീപിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗവും കാര്‍ഷിക മേഖല തന്നെയായിരുന്നു. ഒരു ഭാഗത്ത് പെരിയാറും മറു ഭാഗത്ത് പെരിയാറില്‍ നിന്നും തിരിഞ്ഞ് മാഞ്ഞാലി പുഴയില്‍ അവസാനിക്കുന്ന പെരിയാറിന്റെ കൈവഴിയുമാണ് ഈ പ്രദേശത്തെ ദ്വീപാക്കി മാറ്റിയത്.
ആദ്യകാലത്ത് വാഹനങ്ങള്‍ക്ക് ദ്വീപിലേക്ക് കടന്നുവരാന്‍ കഴിയാതിരുന്നത് മൂലം കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി ദ്വീപിന്റെ വടക്ക് ഭാഗത്ത് ചാലാക്കല്‍ നിന്നും കിഴക്കുഭാഗത്ത് വയല്‍കരയില്‍ നിന്നും ഇവിടെയെത്താന്‍ പാലങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഇതോടെ സഞ്ചാരയോഗ്യമായ റോഡുകളും ഇവര്‍ക്ക് ലഭ്യമായി.
സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വഞ്ചിയെ ആശ്രയിച്ചാണ് കാര്‍ഷികോല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരുന്നതും കൃഷിക്ക് ആവശ്യമായ സാമഗ്രികള്‍ ഇവിടേക്ക് കൊണ്ടുവന്നിരുന്നതും. ഇപ്പോള്‍ തൊട്ടടുത്ത് തന്നെ കാര്‍ഷിക വിപണന കേന്ദ്രവും കര്‍ഷകര്‍ക്ക് ഏറെ സഹായകമായി നിലവിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല കര്‍ഷകനുള്ള കര്‍ഷകശ്രീ അവാര്‍ഡ് രണ്ട് തവണയാണ് ഈ ദ്വീപില്‍ എത്തിയത്.
കൂടാതെ ക്ഷീര മേഖലയിലും ഈ പ്രദേശം സജീവമാണ്. കരുമാല്ലൂര്‍ പഞ്ചായത്തിലെ പുറപ്പിള്ളിക്കാവ് കടവില്‍ നിന്നും ആരംഭിക്കുന്ന പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് ചെറിയതെയ്ക്കാനത്തേക്കാണ് വന്നു ചേരുന്നത്.
ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ കാര്‍ഷിക മേഖലയുടെയും പശ്ചാത്തല സൌകര്യങ്ങളുടെയും വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിന് ഇത് വഴി വയ്ക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.എന്നാല്‍ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ഭൂമാഫിയകളുടെ കടന്നു വരവ് ഈ ഗ്രാമത്തിന്റെ തനിമ തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയും ഗ്രാമവാസികള്‍ പങ്കുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."