ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച
തിരുവനന്തപുരം: 'നവോത്ഥാന നായക' പ്രതിച്ഛായ വിശ്വാസികളുടെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കിയെന്ന സി.പി.എം വിലയിരുത്തലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തവെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ 'യു ടേൺ' അടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ പിടിച്ചുകുലുക്കിയ 2018ലെ ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ കാട്ടിയ ആവേശം വലിയ തിരിച്ചടിയായെന്ന വിലയിരുത്തലുകളാണ് പാർട്ടി നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശന വിഷയം സർക്കാരിനെ സംബന്ധിച്ച് 'ഇരുതല മൂർച്ചയുള്ള വാളാണ്.
2018ൽ യുവതീപ്രവേശനത്തെ അനുകൂലിച്ചു നൽകിയ സത്യവാങ്മൂലമാണ് സുപ്രിം കോടതിയുടെ ചരിത്രപരമായ വിധിക്ക് ആധാരമായത്. എന്നാൽ അതു പ്രായോഗികമായി നടപ്പാക്കാൻ ശ്രമിച്ചത് വിശ്വാസികളെ സർക്കാരിൽനിന്ന് അകറ്റി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം എൽ.ഡി.എഫിന് വലിയ തിരിച്ചടിയായിരുന്നു.
ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പറയുമ്പോഴും വിശ്വാസികളെ പിണക്കാതിരിക്കാൻ സർക്കാർ കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് കേരളം ഉറ്റുനോക്കുകയായിരുന്നു. പഴയ നിലപാടിൽ ഉറച്ചുനിന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ടുകളെ ബാധിക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. സർക്കാർ നിലപാടിനെ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷ പാർട്ടികളും അവസരം കാത്തിരിക്കുമ്പോഴാണ് വിഷയത്തിൽ സർക്കാർ നിലപാട് മാറ്റുന്നത്.
ബി.ജെ.പിയും കോൺഗ്രസും ശബരിമല വിഷയത്തെ, തെരഞ്ഞെടുപ്പിലെ പ്രധാന ആയുധമായി മാറ്റാനുള്ള നീക്കത്തിലായിരുന്നു. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും വിശ്വാസാചാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ചോദ്യം ചെയ്യുന്ന 67 ഹരജികളാണ് കോടതിക്കു മുന്നിലുള്ളത്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന്, ശബരിമലയിലെ ഈ രണ്ടാം ഘട്ട നിയമപോരാട്ടം രാഷ്ട്രീയ നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറുമെന്ന ഭയമാണ് നിലപാടു മാറ്റത്തിന് പ്രേരണയായത്.
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ എൻ.എസ്.എസ് പ്രതിനിധി പങ്കെടുത്തത് സർക്കാരിന്റെ നിലപാടുമാറുമെന്ന ഉറപ്പിനെ തുടർന്നായിരുന്നു. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് എസ്.എൻ.ഡി.പി യോഗവും വ്യക്തമാക്കിയത്. യുവതീപ്രവേശന വിഷയത്തിൽ കൈപൊള്ളിയ സർക്കാർ കഴിഞ്ഞ കുറേക്കാലമായി ഇക്കാര്യത്തിൽ മൗനത്തിലായിരുന്നു.
The CPM attributes its dwindling 'reform hero' image to the backlash over Sabarimala women's entry, prompting the govt to U-turn on the issue ahead of elections. The party acknowledges the move sparked widespread protests & hurt its electoral prospects [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."