ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി
തെഹ്‌റാൻ: ശ്രീലങ്കൻ സമുദ്ര തീരത്ത് വച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയ്ക്ക് (IRIS Dena) നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹതാമി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി അമേരിക്ക നടത്തിയ ഈ ഭീകരാക്രമണം ഒരിക്കലും ഉത്തരം ലഭിക്കാതെ പോകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മാർച്ച് 4-ന് ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാൻ കപ്പലിന് നേരെ ശ്രീലങ്കൻ തീരത്ത് വെച്ചാണ് യുഎസ് അന്തർവാഹിനി ടോർപ്പിഡോ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 104 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ ഔദ്യോഗിക ക്ഷണപ്രകാരം സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കപ്പലിനെയാണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേനയിലെ ജീവനക്കാർ സമാധാനപരമായ ഒരു ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്നു. നേരിട്ടുള്ള യുദ്ധത്തിൽ ഏർപ്പെടാതിരുന്നിട്ടും അവരെ അമേരിക്ക ക്രൂരമായി കൊലപ്പെടുത്തി, ഇതിന് മറുപടി ഇറാൻ ഉടൻ നൽകുമെന്നും അമീർ ഹതാമി പറഞ്ഞു.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആക്രമണത്തെ നിശബ്ദ മരണം എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച ശ്രീലങ്കയിലെ മട്ടാല രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറാനിലേക്ക് കൊണ്ടുപോയി. ഗാലെ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ദുരന്തത്തിൽ രക്ഷപ്പെട്ട 32 പേർ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷാക് എന്നീ കപ്പലുകളും പി-8I വിമാനങ്ങളും സഹായം നൽകിയിരുന്നു.
സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ജനീവ കൺവെൻഷന്റെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. ഇറാനിൽ നിന്ന് 2,000 മൈൽ അകലെ വെച്ച് നടത്തിയ ഈ ക്രൂരതയ്ക്ക് അമേരിക്ക കഠിനമായി ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ പ്രതികാര നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ നാവിക ചരിത്രത്തിൽ ഐറിസ് ദേനയിലെ ജീവനക്കാരുടെ ത്യാഗം ധൈര്യത്തിന്റെ പ്രതീകമായി നിലനിൽക്കുമെന്നും സമുദ്രാതിർത്തികൾ സംരക്ഷിക്കാൻ ഇറാൻ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും സൈനിക നേതൃത്വം വ്യക്തമാക്കി.
iran's military chief, major general amir hatami, has issued a stern warning following a us submarine attack on the iranian warship iris dena in the indian ocean. the incident occurred on march 4 near the coast of sri lanka as the vessel was returning from a naval exercise hosted by india.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."