പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി
കൊൽക്കത്ത: 2026 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് കൂടുമാറിയ സിംബാബ്‌വെൻ പേസർ ബ്ലെസിംഗ് മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) നിന്ന് പിന്മാറിയാണ് മുസറബാനി ഐപിഎല്ലിലേക്ക് എത്തിയത്. ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്മാന് പകരക്കാരനായി സിംബാബ്‌വെൻ താരം കെകെആറിലെത്തിയത്. പിഎസ്എല്ലിൽ ഇസ്ലാമാബാദ് യൂണൈറ്റഡുമായി കരാറുണ്ടായിരുന്ന താരം കൊൽക്കത്തയിലേക്ക് ചേക്കേറുകയായിരുന്നു. കരാർ ഒപ്പിട്ട ശേഷം അവസാന നിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് പിസിബി മുസറബാനിക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നത്. താരം നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ സിംബാബ്വെക്ക് വേണ്ടി 13 വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിലാണ് മുസറബാനി. ആറടി എട്ടിഞ്ച് ഉയരമുള്ള താരത്തിന്റെ വേഗതയും ബൗൺസും കൊൽക്കത്തയുടെ ബൗളിംഗ് നിരയ്ക്ക് വലിയ മുതൽക്കൂട്ടാകും. ഹർഷിത് റാണ, മതീഷ പതിരാന എന്നിവരുടെ പരിക്ക് മൂലം വലഞ്ഞ കൊൽക്കത്തയ്ക്ക് മുസറബാനിയുടെ വരവ് വലിയ ആശ്വാസമായിരിക്കും നൽകുക.
അതേസമയം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളും മുൻനിർത്തി താരത്തെ ഐപിഎല്ലിൽ കളിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മുസ്തഫിസുർ റഹ്മാനെ കെകെആർ റിലീസ് ചെയ്തിരുന്നത്. ബിസിസിഐയുടെ നിർദ്ദേശപ്രകാരമാണ് ഫ്രാഞ്ചൈസി താരത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."