ഭീകരതക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഒബാമ
ന്യൂയോര്‍ക്ക്: ഭീകരതക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ 15ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി റേഡിയോയിലൂടെയാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കരുത്. ജാതി, മത, ലിംഗ, വര്‍ണ ഭേദമന്യേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയാണ് പ്രസംഗത്തിലൂടെ ഒബാമ ഉന്നംവച്ചത്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉസാമ ബിന്‍ലാദന് അര്‍ഹമായ ശിക്ഷ നല്‍കുകയും മറ്റു തീവ്രവാദി ആക്രമണങ്ങള്‍ തടയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദ ഗ്രൂപ്പുകളില്‍ നിന്ന് ആരും സുരക്ഷിതരല്ലെന്നും ഒബാമ ഓര്‍മിപ്പിച്ചു.
അമേരിക്കയുടെ ലോക വ്യാപാര കേന്ദ്രം സ്ഥിതിചെയ്യുന്ന വേള്‍ഡ് ട്രേഡ് സെന്ററില്‍ 2001 സെപ്റ്റംബര്‍ 11നാണ് ഭീകരാക്രമണം നടന്നത്. അമേരിക്കയുടെ നാലു യാത്രാ വിമാനങ്ങള്‍ റാഞ്ചിയ ശേഷമായിരുന്നു ഭീകരാക്രമണം. ആക്രമണത്തില്‍ 2,999 പേര്‍ കൊല്ലപ്പെടുകയും 6,000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. അല്‍ഖാഇദയാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു അമേരിക്കയുടെ കണ്ടെത്തല്‍.
1941ലെ പേള്‍ഹാര്‍ബര്‍ ആക്രമണത്തിനുശേഷം അമേരിക്ക വിറച്ച ഭീകരാക്രമണമായിരുന്നു സെപ്റ്റംബര്‍ 11ലേത്. അമേരിക്കയിലെ പ്രാദേശിക സമയം രാവിലെ 8.46നായിരുന്നു ആദ്യ ആക്രമണം നടന്നത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ 80ാം നിലയിലേക്ക് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം അക്രമികള്‍ ഇടിച്ചിറക്കുകയായിരുന്നു. 17 മിനുറ്റുകള്‍ക്കുശേഷം സൗത്ത് ടവറിലെ 60ാം നിലയില്‍ മറ്റൊരു വിമാനവും ഇടിച്ചിറക്കി. അര മണിക്കൂറിനു ശേഷം അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗണിലേക്കും മറ്റൊരു വിമാനം ഇടിച്ചിറക്കി. വൈറ്റ് ഹൗസിനെ ലക്ഷ്യമിട്ടു പറന്ന നാലാം വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് പാതിവഴിയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ആക്രമണം നടന്ന് 15 വര്‍ഷം കഴിഞ്ഞിട്ടും അമേരിക്കക്കാരുടെ മനസില്‍ ഇപ്പോഴും ആക്രമണത്തിന്റെ ഭീതി മായാതെകിടക്കുകയാണ്. പഴുതടച്ച സുരക്ഷയാണ് ഇതിനുശേഷം അമേരിക്കയിലുള്ളത്. വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്ത് മ്യൂസിയവും ഭീകരാക്രമണ ഇരകളുടെ സ്മാരകവും വ്യാപാര സമുച്ചയവുമാണിന്നുള്ളത്. ആക്രമണത്തില്‍ മാരകമായി പരുക്കേറ്റവര്‍ ഇന്നും ഇവിടെ ജീവിക്കുന്ന ഉദാഹരണമായി നിലനില്‍ക്കുന്നു. 75,000ത്തോളം ആളുകള്‍ ഇപ്പോഴും അപകടനില തരണം ചെയ്യാതെ ആശുപത്രിക്കിടക്കയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ വിഷപ്പുക ശ്വസിച്ച് മാരകമായ അസുഖങ്ങള്‍ പിടിപെട്ട് നിരവധിപേര്‍ ഇന്നും ജീവിതം തള്ളിനീക്കുകയാണ്. അമേരിക്കന്‍ ഭരണകൂടത്തെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയ ആക്രമണത്തിന്റെ അലയൊലികള്‍ ഇന്നും ലോകത്ത് അവശേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."