ഷാർജയിൽ ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി; നിരവധി കാറുകളും ബൈക്കുകളും കണ്ടുകെട്ടി
ഷാർജ: ജനവാസ മേഖലകളിൽ അമിത ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന വാഹനങ്ങൾക്കും ബൈക്കുകൾക്കുമെതിരെ കർശന നടപടിയുമായി ഷാർജ പൊലിസ്. പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങൾ പൊലിസ് കണ്ടുകെട്ടി. സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ചില വാഹന ഉടമകൾ, പ്രത്യേകിച്ച് യുവാക്കൾ, മോട്ടോർ സൈക്കിളുകളിലും കാറുകളിലും നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. സൈലൻസറുകളിൽ വരുത്തുന്ന ഇത്തരം പരിഷ്കരണങ്ങൾ പൊതുസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്നതായി പൊലിസ് ചൂണ്ടിക്കാട്ടി. ജനവാസ മേഖലകളിലും പൊതുനിരത്തുകളിലും സമാനമായ ലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ ഫീൽഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രായമായവർക്കും കുട്ടികൾക്കും ഭീഷണി
അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പ്രായമായവർക്കും കുട്ടികൾക്കും രോഗികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമാധാനത്തിന് ഇത്തരം പ്രവർത്തികൾ തടസ്സമാകുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കഠിനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പൊലിസ് മുന്നറിയിപ്പ് നൽകി.
തങ്ങളുടെ മക്കൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികളുടെ അപകടങ്ങളെക്കുറിച്ചും നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കണം. മറ്റുള്ളവരെ ശല്യപ്പെടുത്താത്ത രീതിയിലുള്ള നല്ല പെരുമാറ്റ രീതികൾ വളർത്തിയെടുക്കുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
sharjah police have intensified action against vehicles causing noise pollution seizing several cars and motorcycles with illegal modifications. authorities warned of heavy fines black points and vehicle confiscation for violators.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."