രാത്രിയിൽ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഡ്രോൺ ആക്രമണം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന്' ഇറാൻ പരമോന്നത നേതാവ്
ദുബൈ/ടെഹ്‌റാൻ:പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. ഇറാന്റെ ആക്രമണ നീക്കങ്ങൾ പരാജയപ്പെടുത്തിയതായി ഗൾഫ് രാജ്യങ്ങൾ അവകാശപ്പെടുമ്പോൾ, വരാനിരിക്കുന്നത് ശത്രുക്കൾക്ക് ദുരന്തവർഷമായിരിക്കുമെന്ന കർശന മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ രംഗത്തെത്തി.
പശ്ചിമേഷ്യൻ മുനമ്പിൽ വീണ്ടും മിസൈൽ-ഡ്രോൺ വർഷം. കഴിഞ്ഞ രാത്രി ദുബൈ, സഊദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന വൻ ആക്രമണശ്രമങ്ങൾ പ്രതിരോധ സേനകൾ തകർത്തു. ദുബൈയിൽ ജനവാസ മേഖലകൾക്ക് സമീപമെത്തിയ ഡ്രോണുകൾ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. കുവൈത്തിൽ ആക്രമണത്തെത്തുടർന്ന് തകരാറിലായ പ്രധാന പവർലൈനുകൾ ഭാഗികമായി പുനഃസ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
'മുന്നറിയിപ്പുമായി മുജ്തബ ഖാംനഈ'
മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ നിലപാട് വ്യക്തമാക്കിയത്. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തുർക്കിയിലും ഒമാനിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനല്ലെന്നും, അത് ഇറാന്റെ തലയിൽ കെട്ടിവെക്കാൻ ഇസ്റാഈൽ നടത്തിയ 'ആൾമാറാട്ട' (False Flag) നീക്കങ്ങളാണെന്നും ഖാംനഈ ആരോപിച്ചു.
ഇറാന്റെ തലമുതിർന്ന നേതാക്കളെ വധിക്കുന്നതിലൂടെ ജനങ്ങളെ ഭയപ്പെടുത്താമെന്ന് ശത്രുക്കൾ കരുതുന്നുണ്ടെങ്കിൽ അത് വെറും മോഹം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ വീരവാദങ്ങളെ പരിഹസിച്ച് ഇറാൻ
യുദ്ധത്തിൽ തങ്ങൾ വിജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു. അമേരിക്ക പറയുന്നത് വെറും പൊള്ളയായ വാദങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവരുടെ ഏറ്റവും പുതിയ എഫ്-35 വിമാനം ഞങ്ങൾ വീഴ്ത്തിയത്. നാവികസേന തകർന്നെന്ന് അവകാശപ്പെട്ട ശേഷം എന്തുകൊണ്ടാണ് യു.എസ്.എസ് ജെറാൾഡ് ഫോർഡിന് പിന്തിരിയേണ്ടി വന്നത്? എബ്രഹാം ലിങ്കൺ എന്തിനാണ് ദൂരേക്ക് മാറി നിൽക്കുന്നത്?" - അരഗ്ചി ചോദിച്ചു.
ബ്രിട്ടന് താക്കീത്; ഇറാഖിൽ എണ്ണ ഉൽപ്പാദനം തടസ്സപ്പെട്ടു
അമേരിക്കൻ സൈന്യത്തിന് താവളങ്ങൾ അനുവദിച്ച ബ്രിട്ടീഷ് നടപടിക്കെതിരെയും ഇറാൻ രൂക്ഷമായി പ്രതികരിച്ചു. സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണിതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, തുടർച്ചയായ ആക്രമണങ്ങൾ കാരണം ഇറാഖിലെ എണ്ണ ഉൽപ്പാദനത്തിന്റെ വലിയൊരു ഭാഗം നിർത്തിവെക്കേണ്ടി വന്നതായി മന്ത്രാലയം അറിയിച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില വർധിക്കാൻ കാരണമായേക്കും.സമാധാന നീക്കത്തിന്റെ ഭാഗമായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന പുതിയ വാഗ്ദാനവും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."