ഖത്തറിൽ അൽ ജസീറ ലേഖകരായ ഫാത്തിമ അൽസമാദിയും മുന ഹവ്വയും അറസ്റ്റിലായെന്ന അഭ്യൂഹങ്ങൾ തള്ളി സുഹൃത്തുക്കളും സഹപ്രവർത്തകരും
ദോഹ : ഖത്തറിൽ വെച്ച് അൽ ജസീറ മീഡിയ നെറ്റ്‌വർക്കിലെ മുൻ അവതാരകയായ മുന ഹവ്വയെയും, അൽ ജസീറ സെൻ്റർ ഫോർ സ്റ്റഡീസിലെ ഇറാൻ കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള ഗവേഷകയായ ഫാത്തിമ അൽസമാദിയെയും അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപക അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചു എന്നും എക്‌സിലും ടെലിഗ്രാമിലും പ്രചരിച്ച വാർത്തകളിൽ പറഞ്ഞിരുന്നു. ഇത് ഇവരെ പിന്തുടരുന്നവരിൽ വലിയ ആശങ്കയുണ്ടാക്കി.
എന്നാൽ ഈ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഹവ്വയുടെയും അൽസമാദിയുടെയും സുഹൃത്തുക്കളും സഹപ്രവർത്തകരും 'ദോഹ ന്യൂസി'നോട് വ്യക്തമാക്കി.
അൽസമാദിയുമായി ഫോണിൽ സംസാരിച്ചതായി അൽ ജസീറ ഇംഗ്ലീഷ് മാധ്യമപ്രവർത്തകൻ അലി ഹാഷെം രാവിലെ എക്‌സിൽ കുറിച്ചു. ഡോ. ഫാത്തിമ അൽസമാദിയുമായി ഞാൻ ഇന്ന് രാവിലെ സംസാരിച്ചു. അവർ സുഖമായിരിക്കുന്നു, വരാനിരിക്കുന്ന തൻ്റെ പുതിയ പ്രോജക്റ്റുമായി ബന്ധപ്പെട്ട തിരക്കുകളിലാണവർ- അദ്ദേഹം വ്യക്തമാക്കി. അവർ അറസ്റ്റിലാണോ എന്ന ഒരു ഉപയോക്താവിൻ്റെ ചോദ്യത്തിന്, അവർ വീട്ടിൽ സുരക്ഷിതയായി ഉണ്ടെന്നും അദ്ദേഹം മറുപടി നൽകി. വരും ആഴ്‌ചകളിൽ ദാർ ഹാഷെം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഹമദ് ഹാദിയാൻ്റെ 'ദി ക്രേസി ഡക്ക്' എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് അൽസമാദി ഇപ്പോൾ ചെയ്യുന്നത്.
അതേസമയം, മുന ഹവ്വ വെള്ളിയാഴ്ച തൻ്റെ ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്നു. ചെറിയ പെരുന്നാൾ ആശംസകൾ പങ്കുവെച്ച അവർ അലി ഹാഷെമിൻ്റെ ട്വീറ്റ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായും നൽകിയിരുന്നു. നിലവിലെ മറ്റ് ചില കാരണങ്ങളാൽ ആഴ്ചകൾക്ക് മുൻപ് തന്നെ എക്സിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താൻ ഹവ്വ തീരുമാനിച്ചിരുന്നതായി അവരുടെ സുഹൃത്തുക്കൾ അറിയിച്ചു.
English summary : Rumours circulating on social media on Friday claimed that Muna Hawwa, a former presenter at Al Jazeera Media Network, and Fatima Alsmadi, a current researcher at Al Jazeera Centre for Studies specialising in Iranian affairs, had been arrested in Qatar. Some posts suggested that Hawwa and Alsmadi’s social media accounts had been forcibly deactivated by authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."