ടി-20 ലോകകപ്പിൽ കളം നിറഞ്ഞാടിയവനെ റാഞ്ചി രാജസ്ഥാൻ; ഇനി കളി മാറും!
ജയ്പൂർ: 2026 ഐപിഎല്ലിന് മുന്നോടിയായി ശ്രീലങ്കൻ താരം ദാസുൻ ഷനകയെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. പരുക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന് പകരമാണ് ലങ്കൻ താരം രാജസ്ഥാനിൽ എത്തുന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറിയാണ് ഷനക ഐപിഎല്ലിലേക്ക് എത്തുന്നത്.
കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന ഐപിഎൽ മിനി ലേലത്തിൽ ഷനകയെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. എന്നാൽ പിഎസ്എല്ലിൽ ലാഹോർ ഖലന്ദേഴ്‌സ് ലങ്കൻ താരത്തെ 75 ലക്ഷം രൂപക്ക് ടീമിലെത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ലാഹോറുമായി കരാറിൽ നിൽക്കെ തന്നെ ഷനക രാജസ്ഥാനൊപ്പം ചേർന്നിരിക്കുകയാണ്.
അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിൽ ശ്രീലങ്കക്ക് വേണ്ടി മിന്നും പ്രകടനമായിരുന്നു ഷനക നടത്തിയത്. സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാനെതിരെയുള്ള ഷനകയുടെ തകർപ്പൻ പ്രകടനമാണ് ഏറെ ശ്രദ്ധേയം. പാകിസ്ഥാനെതിരെ പരാജയപ്പെട്ടെങ്കിലും ഷനകയുടെ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധേയമായത്. ഷനകയുടെ (31 പന്തിൽ 76)* വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്ഥാനെ വിറപ്പിച്ചത്. രണ്ട് ഫോറുകളും എട്ട് കൂറ്റൻ സിക്സുകളുമാണ് ലങ്കൻ ക്യാപ്റ്റൻ നേടിയത്.
ഇതോടെ ടി-20 ലോകകപ്പിൽ ഒരു മത്സരത്തിൽ അഞ്ചാം നമ്പറിലോ അതിൽ താഴെയോ സ്ഥാനങ്ങളിൽ ഇറങ്ങി ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായും ലങ്കൻ ക്യാപ്റ്റൻ മാറി. ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്, വെസ്റ്റ് ഇൻഡീസ് താരം ഷെർഫാനെ റൂഥർഫോർഡ് എന്നിവരെ മറികടന്നാണ് ഷനക ഈ നേട്ടം സ്വന്തമാക്കിയത്. 2007 ലോകകപ്പിൽ ഇരുവരും ഇംഗ്ലണ്ടിനെതിരെയാണ് ഏഴ് സിക്സുകൾ നേടിയത്.
അതേസമയം റിയാൻ പരാഗിന്റെ കീഴിലാണ് രാജസ്ഥാൻ റോയൽസ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."