ജില്ലയുടെ തൊഴിലാളി മാര്‍ക്കറ്റായ സുല്‍ത്താന്‍ പേട്ടയുടെ പ്രഭാതങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു
പാലക്കാട്: ജില്ലയില്‍ അരനൂറ്റാണ്ടായി തൊഴിലാളി മാര്‍ക്കറ്റെന്നറിയപ്പെടുന്ന സുല്‍ത്താന്‍പേട്ടയുടെ പ്രഭാതങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ സുല്‍ത്താന്‍പേട്ടയില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് കാലങ്ങളായി പ്രഭാതത്തെ വിളിച്ചുണര്‍ത്തിയിരുന്നത്. നിര്‍മാണമേഖലയിലേക്കും മറ്റ് തൊഴിലുകള്‍ക്കുമായി നഗരവാസികള്‍ക്ക് തൊഴിലാളികളെ കിട്ടുന്ന കമ്പോളമാണ് സുല്‍ത്താന്‍പേട്ട.
രാവിലെ ഏഴ് ആകുമ്പോഴേക്കും സജീവമാകുന്ന സുല്‍ത്താന്‍പേട്ടയില്‍നിന്ന് തൊഴിലാളികളെയും കൊണ്ട് നാനാഭാഗങ്ങളിലേക്ക് ആളുകള്‍ പോകും. നിര്‍മാണമേഖലയിലെ മാന്ദ്യവും യന്ത്രവല്‍ക്കരണവും ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവും കാരണം പാലക്കാട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുകയാണ്. അതിനാല്‍ സുല്‍ത്താന്‍പേട്ടയുടെ പ്രഭാതചൈതന്യത്തിന് നിറം മങ്ങുന്നു.
പുതുശ്ശേരിയില്‍നിന്ന് രാവിലെ ആറരയ്ക്കുള്ള ബസില്‍ എത്തുന്ന അറുപത്തഞ്ചുകാരിയായ തങ്കമ്മ ഇപ്പോഴും കുടുംബം പുലര്‍ത്താനായി ദിവസവും പണിക്കെത്താറുണ്ട്. മിക്ക ദിവസങ്ങളിലും രാവിലെ ഒന്‍പത് വരെ കാത്തിരുന്ന ശേഷം പണിയില്ലാതെ വീട്ടിലേക്ക് തിരിച്ചുപോവുകയാണെന്ന് തങ്കമ്മ പറയുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ജോലി കിട്ടിയാലായി. ഇല്ലാത്ത ദിവസങ്ങളില്‍ ചെലവാക്കിയ ബസ് കൂലി പോലും നഷ്ടമാകുമത്രേ.
പണിയുള്ള ദിവസം കിട്ടുന്ന വേതനമാകട്ടെ 350 രൂപ. പണിയുണ്ടെങ്കില്‍ രാവിലെ എട്ടിനുതന്നെ തുടങ്ങണം. കോണ്‍ക്രീറ്റ് മിശ്രിതമുണ്ടാക്കണം, ഇഷ്ടിക എടുത്തുവെയ്ക്കണം. വൈകീട്ട് അഞ്ചോടെ പണി നിര്‍ത്തിയാല്‍ തൊഴിലുപകരണങ്ങളെല്ലാം കഴുകി വൃത്തിയാക്കി ഒതുക്കിവെച്ചിട്ടേ സ്ത്രീകള്‍ക്ക് പോകാന്‍ കഴിയൂ. കായികാധ്വാനത്തിന്റെ തോത് നോക്കിയാല്‍ സ്ത്രീകളാണ് കൂടുതല്‍ സമയം പണിയെടുക്കുന്നത്. എന്നാല്‍, പുരുഷന്മാര്‍ക്ക് കിട്ടുന്നതിന്റെ പകുതി തുക മാത്രമേ സ്ത്രീകള്‍ക്ക് ലഭിക്കൂ.
കല്‍പ്പാത്തിയില്‍ നിന്നെത്തിയ അറുപത്തെട്ടുകാരി തങ്കയ്ക്കും ജീവിതമാര്‍ഗം ഈ കൂലിപ്പണിയാണെങ്കിലും മിക്ക ദിവസങ്ങളിലും പണിയില്ലാതെ തിരികെ വീട്ടിലെത്തേണ്ട സ്ഥിതിയാണ്. പുതുശ്ശേരിയില്‍നിന്നുള്ള എഴുപത്തിരണ്ടുകാരി സരോജിനി 30 വര്‍ഷത്തിലധികമായി സുല്‍ത്താന്‍പേട്ടയിലെത്തുന്ന തൊഴിലാളിയാണ്.
വാര്‍പ്പുപണിയില്‍ സഹായിക്കുന്നതിലാണ് സരോജിനിയുടെ വൈദഗ്ധ്യം. യന്ത്രങ്ങളും ഇതരസംസ്ഥാന തൊഴിലാളികളും വന്നതോടെ സരോജിനിയുടെ ജീവിതത്തിന്റെയും നിറം കെട്ടിരിക്കുകയാണ്.
അകത്തേത്തറ, മുണ്ടൂര്‍, കണ്ണാടി, കൊടുമ്പ്, പുതുശ്ശേരി, മലമ്പുഴ, എലപ്പുള്ളി എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തൊഴിലാളികളാണ് നഗരത്തിലെ തൊഴില്‍ മാര്‍ക്കറ്റില്‍ കാലങ്ങളായി ഹാജരാകുന്നത്. നഗരത്തിലെ വന്‍കിട നിര്‍മാണപ്രവൃത്തിയില്‍ യന്ത്രവത്കരണം വ്യാപിച്ചതോടെ ഇവരുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞു വരികയാണ്.
നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷത്തിനും നിയമപരമായ പരിരക്ഷയോ ക്ഷേമാനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ക്ഷേമപദ്ധതിയില്‍ അംശാദായം അടയ്ക്കാന്‍ തൊഴിലുടമകള്‍ തയാറാകുന്നില്ലെന്ന് നിര്‍മാണതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി എം. ഹരിദാസ് പറയുന്നത്.
കടുത്ത ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നതെന്ന് നാല് പതിറ്റാണ്ടിലധികമായി നിര്‍മാണതൊഴിലാളിയായ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. പഴണി പറയുന്നു.
പണിയുള്ള ദിവസങ്ങളില്‍ 700 രൂപ ശരാശരി വേതനം കിട്ടുന്ന പുരുഷതൊഴിലാളികള്‍ക്കും ഒന്നും കരുതിവെയ്ക്കാന്‍ കഴിയാറില്ല. പണിയില്ലെങ്കില്‍ വരുമാനമില്ല. അസുഖം ബാധിച്ചാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റും.
തൊഴില്‍ മേഖലയില്‍ അന്യസംസ്ഥാനക്കാരുടെ കടന്നുകയറ്റവും യന്ത്രവല്‍ക്കരണവുമെല്ലാം കൂടിയായപ്പോള്‍ അര നൂറ്റാണ്ടോളം പഴക്കമുള്ള ജില്ലയുടെ തന്നെ തൊഴിലാളി മാര്‍ക്കറ്റായ സുല്‍ത്താന്‍പേട്ടയുടെ പ്രഭാതങ്ങള്‍ക്ക് നിറം കെടുകയാണ്.
ഒപ്പം ഇവിടെ അന്നത്തിന് വക തേടിയെത്തുന്ന നൂറു കണക്കിന് തൊഴിലാളികളുടെ പ്രദോഷം വരെ നില്‍ക്കുന്ന പ്രതീക്ഷകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."