ഉത്രാട കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു; പതിനായിരങ്ങള്‍ക്ക് ഇന്ന് തിരുവോണസദ്യ
ഗുരുവായൂര്‍: ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നടന്നു. ആയിരകണക്കിന് കാഴ്ചക്കുലകളാണ് ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചത്. രാവിലെ ശീവേലി കഴിഞ്ഞയുടന്‍ സ്വര്‍ണക്കൊടിമരത്തിന്റെ മുന്‍ഭാഗം പത്തുകാരന്‍ വാരിയര്‍ അടിച്ചുതളിച്ച് അരിമാവണിഞ്ഞു. മേല്‍ശാന്തി പള്ളിശ്ശീരി ഹരീഷ് നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിച്ചു.
തുടര്‍ന്ന് കാത്തുനിന്ന ഭക്തര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. നൂറുകണക്കിനു കാഴ്ചക്കുലകളാണ് വഴിപാടായി എത്തിയത്. ഇതില്‍ നൂറ്റിയമ്പതോളം കാഴ്ചക്കുലകള്‍ ഇന്നത്തെ തിരുവോണസദ്യക്ക് മാറ്റി.
നല്ലൊരു ഭാഗം ആനത്താവളത്തിലെ ആനകള്‍ക്കു നല്‍കിയതിനു ശേഷമുള്ളവ ഭക്തര്‍ക്ക് ലേലം ചെയ്തു നല്‍കി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി ഉത്രാട ദിവസം പതിവായി ഗുരുവായൂരപ്പന് നല്‍കുന്ന പാവമുണ്ട് സമര്‍പ്പണവും ഇന്നലെ നടന്നു.
തുടര്‍ന്ന് ഭക്തരും ഓണക്കോടികള്‍ വഴിപാടായി നല്‍കി. ഇത് തിരുവോണദിവസവും തുടരും. ഉത്രാടം, തിരുവോണദിവസങ്ങളിലെ ശീവേലിക്ക് കൂടുതല്‍ ആനകള്‍ അണിനിരക്കുന്നത് ഭക്തര്‍ക്ക് കൗതുകകരമായ കാഴ്ചയാണ്. തിരുവോണ ദിവസം പാല്‍പായസം വഴിപാട് ഏറെ പ്രധാനപ്പെട്ടതാണ്. വിശേഷ വിഭവമായി പഴപ്രഥമനും പഴംനുറുക്കും നിവേദിക്കുന്നു. തിരുവോണദിവസം ക്ഷേത്രത്തിലെത്തുന്ന പതിനായിരങ്ങള്‍ക്ക് രണ്ടുതരം പായസത്തോടുകൂടിയ വിഭവസമൃദ്ധമായ സദ്യയൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."