'ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനികത്താവളങ്ങള്‍ അടക്കല്‍ മുതല്‍ നഷ്ടപരിഹാരം വരെ' വെടിനിര്‍ത്തല്‍ ചര്‍ച്ച പുനഃരാരംഭിക്കാന്‍ നിബന്ധനകള്‍ മുന്നോട്ട് വെച്ച് ഇറാന്‍
ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ നിബന്ധനകള്‍ മുന്നോട്ട് വെച്ച് ഇറാന്‍. യുദ്ധം അവസാനിക്കുകയാണെന്നും ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമുള്ള അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വീണ്ടും രംഗത്തെത്തുന്നതിനിടെയാണ് ഇറാന്റെ നീക്കം. ഗള്‍ഫ് രാജ്യങ്ങളിലുള്ള യു.എസിന്റെ മുഴുവന്‍ സൈനികത്താവളങ്ങളും അടച്ചു പൂട്ടണമെന്നതുള്‍പെടെയുള്ള ഉപാധികളാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. യു.എസ്- ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു.
ഇറാന്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ഇവ
-ഗള്‍ഫ് രാജ്യങ്ങളിലെ സൈനികത്താവളങ്ങള്‍ അടച്ചുപൂട്ടുക
-ഭാവിയില്‍ ഇറാനെതിരെ ഒരു ആക്രമണവും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുക.
-ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ അവസാനിപ്പിക്കുക.
-ഇറാന് മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുക.
-യു.എസ്- ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക
-ഇറാന്റെ മിസൈല്‍ പദ്ധതിക്ക് മേല്‍ ഒരു നിയന്ത്രണവും ഏര്‍പെടുത്താതിരിക്കുക.
⚡️IRAN DEMANDS:
— RT (@RT_com) March 25, 2026
— CLOSURE of all US bases in the GULF
— NO further attacks GUARANTEE
— END to Israeli strikes on Hezbollah
— LIFTING of all sanctions on Iran
— WAR damage reparations
— NO restrictions on its missile program
Think Trump biting? pic.twitter.com/abaSOHz2Sh
ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇറാനുമായി ചര്‍ച്ച തുടരുന്നതായും അതിന്റെ ഫലത്തെ ആശ്രയിച്ചാകും തുടര്‍ യുദ്ധമെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാന്‍ അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ യു.എസിന്റെ അവകാശവാദം ഇറാന്‍ പൂര്‍ണമായും തള്ളി.
അതേസമയം, യു.എസ് പ്രസിഡന്റെ അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷവും ഇറാനില്‍ വ്യോമാക്രമണം തുടരുകയാണ് ഇസ്റാഈല്‍. തലസ്ഥാനമായ തെഹ്റാനിലും തന്ത്രപ്രധാന നഗരമായ ഇസ്ഫഹാനിലും കനത്ത വ്യോമാക്രമണം നടന്നു. 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭരണസിരാ കേന്ദ്രങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളിലും ഒരുപോലെ ആക്രമണം നടത്തുകയാണ് ഇസ്റാഈല്‍. തെഹ്റാനിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇറാനില്‍ മരണം 1500 കടന്നു. 18551 പേര്‍ക്കാണ് പരുക്കേറ്റത്. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്റാഈല്‍ കാറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ഇറാനും പ്രത്യാക്രമണം കനപ്പിച്ചിരിക്കുകയാണ്. തെല്‍അവീവ്, ഏലിയാത്ത്, വടക്കന്‍ ഇസ്റാഈല്‍ മേഖലയില്‍ ആക്രമണമുണ്ടായി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടരുന്നതായി ഇസ്റാഈല്‍ അറിയിച്ചു. ഇസ്റാഈലില്‍ വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് പരുക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
iran proposes new conditions to restart ceasefire negotiations, including shutting down us military bases in gulf countries and seeking compensation, raising tensions in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."