പ്രതിസന്ധി ഘട്ടത്തിൽ തുണയാരാണെന്ന് യുഎഇ തിരിച്ചറിഞ്ഞു; ഇറാൻ ആക്രമണങ്ങൾക്കിടയിൽ നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്
അബുദബി: മേഖലയിൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണങ്ങളിലെ വൈരുദ്ധ്യം തുറന്നുകാട്ടി മുതിർന്ന യുഎഇ നയതന്ത്രജ്ഞൻ ഡോ. അൻവർ ഗർഗാഷ്. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ യുഎഇക്ക് കരുത്തുണ്ടെന്നും എന്നാൽ പ്രയാസകരമായ സമയങ്ങളിൽ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് രാജ്യം തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് കൂടിയായ ഡോ. അൻവർ ഗർഗാഷ് തന്റെ നിലപാട് പങ്കുവെച്ചത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളെ ക്രൂരമായ ആക്രമണം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ സാഹചര്യത്തിൽ പല രാജ്യങ്ങളും സ്വീകരിച്ച നിലപാടുകളിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ചു.
ചില സുഹൃദ് രാജ്യങ്ങൾ ആത്മാർത്ഥമായ പിന്തുണയുമായി എത്തിയപ്പോൾ, മറ്റു ചിലർ വെറും വാചകക്കസർത്തുകളിൽ ഒതുങ്ങിയെന്ന് ഗർഗാഷ് ചൂണ്ടിക്കാട്ടി. "ചിലർ ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തു, അത് ഞങ്ങൾ വിലമതിക്കുന്നു. എന്നാൽ മറ്റു ചിലർ വെറും പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയായിരുന്നു," അദ്ദേഹം കുറിച്ചു. ഏത് വെല്ലുവിളിയെയും നേരിടാനും ഉറച്ചുനിൽക്കാനുമുള്ള കഴിവ് യുഎഇ തെളിയിച്ചുകഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ആയുധബലത്തേക്കാൾ പ്രധാനം നിലപാടുകളിലെ വ്യക്തതയും ആരെ ആശ്രയിക്കാം എന്ന അറിവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഭ്യമായ കണക്കുകൾ പ്രകാരം, മാർച്ച് 24 വരെയുള്ള കാലയളവിൽ ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഏകദേശം 2,200-ഓളം പ്രൊജക്‌ടൈലുകളെയാണ് യുഎഇ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടത്.
ഗൾഫ് രാജ്യങ്ങൾ നേരിടുന്ന ഈ ഭീഷണിയിൽ അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (OIC) തുടങ്ങിയ സംയുക്ത അറബ്-ഇസ്ലാമിക സ്ഥാപനങ്ങളുടെ മൗനത്തെയും ഗർഗാഷ് ചോദ്യം ചെയ്തു.
"ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ സഹായത്തിനെത്താൻ കഴിയാത്തവർ പിന്നീട് അറബ്-ഇസ്ലാമിക പങ്കാളിത്തം കുറയുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിലോ പാശ്ചാത്യ സാന്നിധ്യത്തെ വിമർശിക്കുന്നതിലോ അർത്ഥമില്ല," അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ സമൃദ്ധിയുടെ കാലത്ത് ഗൾഫ് രാജ്യങ്ങൾ എന്നും താങ്ങായി നിന്നിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, കഷ്ടപ്പാടുകളുടെ ഈ സമയത്ത് നിങ്ങൾ എവിടെയാണ്? എന്ന ചോദ്യവും ഉയർത്തി.
uae diplomatic advisor anwar gargash says the country clearly understands who stands by it during crises, as tensions rise following iran-linked attacks across the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."