'26 ദിവസത്തെ ആക്രമണം, 2000-ലധികം മിസൈലുകൾ'; ഇറാന്റെ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര വേദിയിൽ ആഞ്ഞടിച്ച് യുഎഇ
ജനീവ/അബുദബി: യുഎഇയിലെ ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎഇ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലാണ് യുഎഇയുടെ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷാറഖ് ഇറാന്റെ സമീപനത്തെ ശക്തമായി അപലപിച്ചത്.
കഴിഞ്ഞ 26 ദിവസത്തിനിടെ 2,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള അതിശക്തമായ ആക്രമണമാണ് രാജ്യം നേരിട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് കേവലം പ്രാദേശിക സംഘർഷമല്ലെന്നും ആഗോള ഊർജ്ജ സുരക്ഷയെയും വിതരണ ശൃംഖലയെയും ബാധിക്കുന്ന ഭീഷണിയാണെന്നും യുഎഇ മുന്നറിയിപ്പ് നൽകി.
യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, പവർ സ്റ്റേഷനുകൾ എന്നിവയ്‌ക്ക് പുറമെ സാധാരണക്കാർ താമസിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങളെയും ഇറാൻ ലക്ഷ്യമിട്ടതായി ജമാൽ അൽ മുഷാറഖ് ചൂണ്ടിക്കാട്ടി.
"നല്ല അയൽപക്ക ബന്ധത്തെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്ന ഇറാൻ, അവരുടെ പ്രവർത്തനങ്ങളിലൂടെ അയൽരാജ്യങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും വെല്ലുവിളിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലുടനീളം മേഖലയിലെ സംഘർഷം ഒഴിവാക്കാൻ യുഎഇ തീവ്രശ്രമം നടത്തിയെങ്കിലും അതിന് വിരുദ്ധമായ നിലപാടാണ് ഇറാൻ സ്വീകരിച്ചത്," അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളിൽ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങളും ആറ് സാധാരണക്കാരും കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണങ്ങളിൽ 29 രാജ്യങ്ങളിൽ നിന്നുള്ള 161 പേർക്ക് പരുക്കേറ്റു. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന ജലപാതകളിലെ സമുദ്ര ഗതാഗതത്തിന് ഭീഷണി ഉയർത്തുന്നതിലൂടെ രാജ്യാന്തര വ്യാപാരത്തെയും ഇറാൻ തടസ്സപ്പെടുത്തുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്റെ നടപടികളെ അപലപിച്ചുകൊണ്ടുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന് 136 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചത് യുഎഇയുടെ നിലപാടിനുള്ള അന്താരാഷ്ട്ര അംഗീകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടികൾക്കായി യുഎഇയുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് രാജ്യം ആവർത്തിച്ചു വ്യക്തമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുഎഇ മനുഷ്യാവകാശ കൗൺസിലിനോട് ആവശ്യപ്പെട്ടു.
uae strongly criticizes iran on the global stage, highlighting 26 days of attacks and over 2000 missiles, calling for international action to address regional security threats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."