ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങൾ ഒലിച്ചുപോയി അഞ്ച് മരണം
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. വിവിധ സ്ഥലങ്ങളിൽ താഴ്‌വരകൾ മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടാണ് അപകടങ്ങൾ ഉണ്ടായതെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ബർക്ക വിലായത്തിലെ ഒരു വാദിയിൽ പത്ത് യാത്രക്കാരുമായി പോയ വാഹനം ശക്തമായ ഒഴുക്കിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മൂന്ന് പേരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
മറ്റൊരു അപകടം റിപ്പോർട്ട് ചെയ്തത് അൽ മാബില വിലായത്തിലാണ്. ഇവിടെ വാദിയിലെ വെള്ളപ്പൊക്കത്തിൽ വാഹനം ഒലിച്ചുപോയി രണ്ട് ഒമാൻ പൗരന്മാർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് അധികൃതർ കണ്ടെടുക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 2024 ഏപ്രിലിലുണ്ടായ സമാനമായ വെള്ളപ്പൊക്കത്തിൽ ഒമാനിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സമീപ വർഷങ്ങളിൽ ഒമാൻ നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആവർത്തിച്ചുള്ള പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മഴ സമയത്ത് വാഡികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് അറിയിപ്പിൽ വ്യക്തമാക്കി.
severe rainfall triggers flooding across oman, sweeping away vehicles and claiming five lives. authorities issue alerts as dangerous weather conditions continue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."