കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ ഗുണ്ടാ സംഘം പിടിയില്‍
വാടാനപ്പള്ളി: കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ കണ്ടശാംകടവില്‍ നിന്ന് ക്രൈംബ്രാഞ്ച് പൊലിസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് വള്ളൂര്‍ സ്വദേശി കായ്ക്കുരു എന്ന് വിളിക്കുന്ന രാഗേഷ് (20), ഇടുക്കി സ്വദേശി എയ്ഞ്ചല്‍ (22)എന്നിവരാണ് പിടിയിലായത്.
പഴുവില്‍ പുളിപറമ്പില്‍ രാമന്റെ ഭാര്യ സുഭദ്രയുടെ രണ്ടര പവന്റെ മാലയും, കാരമുക്ക് മാമ്പുള്ളിയില്‍ കോരത്ത് വീട്ടില്‍ ഗോപാലന്റെ ഭാര്യ ശ്രീമതിയുടെ ഒന്നേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാലയും, പെരിങ്ങോട്ടുകര വലിയപറമ്പില്‍ മണികണ്ഠന്റെ മകന് വിഷ്ണുവിന്റെ യമഹ മോട്ടോര്‍ സൈക്കിളും ഇവര്‍ മോഷ്ടിച്ചിരുന്നു. മനക്കൊടിയിലെ വീട്ടില്‍ നിന്നു സുസുകി മോട്ടോര്‍ സൈക്കിളും ഇരിങ്ങാലക്കുട ഐക്കരകുന്നില്‍ നിന്ന് എടക്കുളം കാരെക്കാട്ടുപറമ്പില് സുധാകരന്റെ മകള്‍ ശില്പയുടെ മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാലയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. കാട്ടൂര്‍ പോംപെ ജംഗ്ഷനില്‍ വെച്ച് പൊഞ്ഞനം കാട്ടിപറമ്പില്‍ ജോസിന്റെ ഭാര്യ ലിസിയുടെ മാല പൊട്ടിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. ചിറക്കലില്‍ തമിഴ്നാട് സ്വദേശിയായ കാര്‍ത്തികേയന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി 47,000 രൂപ കവര്‍ച്ച ചെയ്തതും, ഗുരുവായൂര്‍ പഞ്ചാരമുക്കിനടുത്തു നിന്ന് സ്ത്രീയുടെ മാല പൊട്ടിച്ചതും ഇവരാണെന്ന് പൊലിസ് പറഞ്ഞു.
നടന്നു പോകുന്ന സ്ത്രീകളോട് അമ്പലത്തിലേക്കും പള്ളിയിലേക്കുമുള്ള വഴികള്‍ ചോദിച്ചു ചെന്നാണ് ഇവര്‍ മാല പൊട്ടിച്ചു കടന്നു കളയാറുള്ളത്. മാല പൊട്ടിക്കുന്നതിനു വേണ്ടി ഇവര്‍ വിലകൂടിയ മോട്ടോര്‍ ബൈക്കുകള്‍ പല സ്ഥലത്തുനിന്നും മോഷണം നടത്തും. മാല പൊട്ടിച്ചു കിട്ടുന്ന പണം കൊണ്ടു പ്രതികള്‍ കേസുകള്‍ നടത്തുകയും, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ പോയി ആഡംബര ജീവിതം നയിക്കുകയുമാണ് പതിവ്. കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിച്ചതിനുശേഷമാണ് ഇവര്‍ മാല പൊട്ടിക്കാന്‍ പോകാറുള്ളത്.
കായ്ക്കുരു രാഗേഷ് വയനാട്, കോഴിക്കോട് ജില്ലകളില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസുകളില്‍ പിടികിട്ടാപുള്ളിയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."