ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി
വാഷിങ്ടണ്‍: ഇറാന്‍ നടത്തുന്ന ശക്തമായ തിരിച്ചടിയില്‍ യു.എസിന് കനത്ത നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലുടനീളമുള്ള അമേരിക്കന്‍ സൈനിക താവളങ്ങളില്‍ അഭൂതപൂര്‍വമായ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാന്റെ വര്‍ദ്ധിച്ചുവരുന്ന പ്രത്യാക്രമണങ്ങളെത്തുടര്‍ന്ന് മേഖലയിലെ 13 യു.എസ് സൈനിക സ്ഥാപനങ്ങള്‍ 'ഏതാണ്ട് വാസയോഗ്യമല്ലാതായി' മാറിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്‌റാഈലും ഏകപക്ഷീയമായി നടത്തിയ ആക്രമണങ്ങളാണ് പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യത്തിന് കാരണമായത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ തിരിച്ചടി ശക്തമാക്കിയത്.
എന്നാല്‍ വാഷിംഗ്ടണും ടെല്‍ അവീവും ഇറാന്റെ തിരിച്ചടിയുടെ വ്യാപ്തിയും തീവ്രതയും കുറച്ചുകാണിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇറാന്‍ സൈന്യം അമേരിക്കന്‍ സൈനിക, ഊര്‍ജ്ജ ആസ്തികള്‍ക്ക് നേരെ കൃത്യമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ആവര്‍ത്തിച്ചുള്ള തരംഗങ്ങള്‍ അഴിച്ചുവിട്ടു- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'നീണ്ട യുദ്ധം' കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച താവളങ്ങളില്‍ നിന്ന് സൈനികര്‍ ഹോട്ടലുകള്‍, താല്‍ക്കാലിക ഓഫിസ് സൗകര്യങ്ങള്‍ പോലുള്ള താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ സൈനികരെ നിര്‍ബന്ധിതരാക്കുന്ന അവസ്ഥയിലേക്ക് യു.എസിനെ തള്ളിവിട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പൈലറ്റുമാരും ക്രൂ അംഗങ്ങളും ഒഴികെ കരസേനയുടെ ഭൂരിഭാഗവും `റിമോട്ട് വര്‍ക്കിങ്' ചെയ്തുകൊണ്ടാണ് യുദ്ധം നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
13 സൈനികത്താവളങ്ങളിലെ പ്രധാന സൗകര്യങ്ങള്‍ ഇപ്പോള്‍ തകരാറിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. പ്രവര്‍ത്തന സംവിധാനങ്ങള്‍, വ്യോമതാവള അടിസ്ഥാന സൗകര്യങ്ങള്‍, ഇന്ധന പൈപ്പ്ലൈനുകള്‍ എന്നിവ നശിപ്പിക്കപ്പെട്ടു. ഇത് സൈനിക സുരക്ഷയെയും മേഖലയിലെ യു.എസ് വിന്യാസങ്ങളുടെ ദീര്‍ഘകാല നിലനില്‍പ്പിനെയും കുറിച്ച് കാര്യമായ ആശങ്കകള്‍ ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോജിസ്റ്റിക് ശൃംഖലകള്‍ തടസ്സപ്പെട്ടുവെന്നും മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്കുള്ള ഭീഷണി വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചിതറിപ്പോയ സൈനികരെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഇറാന്റെ എലൈറ്റ് സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) ഇവരുടെ പുതിയ ലൊക്കേഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. `അമേരിക്കന്‍ സൈനികരെ കണ്ടെത്തേണ്ടതുണ്ട് അതിനാല്‍ അവര്‍ക്ക് ഹോട്ടലുകളില്‍ അഭയം നല്‍കരുതെന്നും അവരുടെ ലൊക്കേഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു' ഐ.ആര്‍.ജി.സി അറിയിപ്പില്‍ പറയുന്നു.
അതേസമയം, അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍ ഈ ഭീഷണി വകവെക്കാതെ യുദ്ധവുമായി മുന്നോട്ട് പോവുകയാണ്. ബുധനാഴ്ച പെന്റഗണില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈനികര്‍ക്കായി പ്രാര്‍ത്ഥന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത വ്യോമാക്രമണങ്ങള്‍ക്കിടയിലും ഇറാന് ഇപ്പോഴും ശക്തമായ തിരിച്ചടി നല്‍കാനുള്ള ശേഷിയുണ്ടെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ഓര്‍മിപ്പിക്കുന്നു.
അതേ സമയം അമേരിക്കന്‍ സൈനികരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിലൂടെ യു.എസ് സൈന്യം പൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി.
ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാന്‍ ഇത് നിഷേധിച്ചിരിക്കുകയാണ്. ട്രംപ് തന്നോട് തന്നെയാണോ ചര്‍ച്ച നടത്തുന്നതെന്ന് ഇറാനിയന്‍ വക്താവ് പരിഹസിച്ചു. വിപണിയെ ശാന്തമാക്കാനും എണ്ണവില കുറയ്ക്കാനുമാണ് ട്രംപ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നെതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
reports claim iran’s retaliation has caused significant damage to us forces in the middle east, with 13 military bases reportedly destroyed and troops seeking shelter in hotels.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."