എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ എ.കെ ശശീന്ദ്രന് വൻ തിരിച്ചടി. കഴിഞ്ഞ മൂന്ന് തവണയും തന്നെ തുണച്ച 'ക്ലോക്ക്' ചിഹ്നം ഇത്തവണ ശശീന്ദ്രന് നഷ്ടമായി. എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥിയായ പി.കെ. ശശീന്ദ്രനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചത്. ഇതോടെ എ.കെ. ശശീന്ദ്രൻ 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്ന ചിഹ്നത്തിലാകും ഇത്തവണ ജനവിധി തേടുക.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വേളയിൽ കോഴിക്കോട് കളക്ടറേറ്റിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പാർട്ടി പ്രസിഡന്റ് ഒപ്പിട്ട രേഖകളിൽ വൈരുദ്ധ്യമുണ്ടെന്ന വാദം ഉന്നയിച്ച് എ.കെ. ശശീന്ദ്രൻ വിഭാഗം പി.കെ. ശശീന്ദ്രന്റെ പത്രികയെ എതിർത്തുവെങ്കിലും വരണാധികാരി ഇത് തള്ളി. എൻ.സി.പി പിളർന്നതോടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത് പവാർ വിഭാഗത്തിന് ലഭിച്ചതാണ് എ.കെ. ശശീന്ദ്രന് വിനയായത്.
കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പണത്തിനിടെ പി.കെ. ശശീന്ദ്രന്റെ പത്രിക സ്വീകരിച്ച രസീത് അജ്ഞാതൻ തട്ടിയെടുത്തതായും ആരോപണം ഉയർന്നു. ക്ലോക്ക് ചിഹ്നം തടയാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് അജിത് പവാർ വിഭാഗം ആരോപിച്ചു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം.
മൂന്ന് പതിറ്റാണ്ടോളമായി വോട്ടർമാർക്കിടയിൽ പരിചിതമായ ക്ലോക്ക് ചിഹ്നം നഷ്ടപ്പെടുന്നത് എ.കെ. ശശീന്ദ്രന് വലിയ പ്രചാരണ വെല്ലുവിളിയാകും. എ.കെ. ശശീന്ദ്രന് സമാനമായ പേരുള്ള പി.കെ. ശശീന്ദ്രൻ പഴയ ചിഹ്നത്തിൽ മത്സരിക്കുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്.
എലത്തൂർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആണ് എൻ.സി.പി ശരദ് പവാർ വിഭാഗം നേതാവു കൂടിയായ മന്ത്രി എ.കെ ശശീന്ദ്രൻ. അദേഹം മത്സരിക്കുന്നതിനെച്ചാെല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ എ.കെ ശശീന്ദ്രനെ തന്നെ സ്ഥാനാർഥിയായി പരിഗണിക്കുകയായിരുന്നു. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് എ.കെ ശശീന്ദ്രൻ ഏലത്തൂർ മണ്ഡലത്തിൽ നിന്നും ജയിച്ചത്. പിന്നീട് എൻ.സി.പി പിളർന്ന് അജിത് പവാർ വിഭാഗം രൂപികരിച്ചതോടെ എ.കെ ശശീന്ദ്രന് എതിരെ പി.കെ ശശീന്ദ്രൻ എന്ന അപരനെ എൻ.സി.പി അജിത് പവാർ വിഭാഗം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് ചിഹ്നമായി ക്ലോക്ക് പി.കെ ശശീന്ദ്രനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ഇതിന്റെ സൂക്ഷ്മ പരിശോധനക്കിടയാണ് അദേഹത്തിന്റെ പത്രികയുടെ രസീതുമായി അജ്ഞാതൻ കടന്നുകളഞ്ഞത്.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ശരദ് പവാർ വിഭാഗത്തിനുള്ളിൽ നേരത്തെ തന്നെ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെയാണ് പുതിയ പ്രതിസന്ധി. മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കാനിരിക്കെ, പുതിയ ചിഹ്നമായ 'കാഹളം മുഴക്കുന്ന മനുഷ്യനെ' വോട്ടർമാരിലേക്ക് എത്രത്തോളം വേഗത്തിൽ എത്തിക്കാൻ എ.കെ. ശശീന്ദ്രന് കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ ഫലം.
In a major blow to sitting MLA and Minister A.K. Saseendran, the Election Commission has allotted his long-standing 'Clock' symbol to his rival, P.K. Saseendran, of the NCP (Ajit Pawar faction) for the upcoming Elathur assembly election. Having won the seat three consecutive times using the 'Clock,' A.K. Saseendran (NCP Sharad Pawar faction) will now have to contest under a new symbol: 'Man Blowing Turha'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."