'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്
ദുബൈ: നഗരത്തിലെ ജനജീവിതം സാധാരണ നിലയിലാണെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും ദുബൈ മീഡിയ ഓഫീസ്. വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നുമുള്ള തരത്തിൽ ഓൺലൈനിൽ പ്രചരിക്കുന്ന പ്രചാരണങ്ങൾ അധികൃതർ തള്ളിക്കളഞ്ഞു. ദുബൈ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം വ്യാജ റിപ്പോർട്ടുകൾ ജനങ്ങളിൽ ഭീതി പടർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
കൂട്ട ഒഴിപ്പിക്കൽ, സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യക്ഷാമം, വസ്തു വിപണിയുടെ തകർച്ച, വിദേശ നിക്ഷേപകർ രാജ്യം വിടുന്നു തുടങ്ങിയ തെറ്റായ അവകാശവാദങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പഴയ വീഡിയോ ദൃശ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡീപ് ഫേക്ക് സാങ്കേതികവിദ്യകളും ഉപയോഗിച്ച് യുഎഇയിലെ സംഭവങ്ങൾ എന്ന രീതിയിൽ ദൃശ്യങ്ങൾ കെട്ടിച്ചമയ്ക്കുകയാണ്. വിമാനത്താവളങ്ങൾ, ബാങ്കുകൾ, മാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പൊതുസേവനങ്ങളും യാതൊരു തടസ്സവുമില്ലാതെ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാം. വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ തീയതിയും ഉറവിടവും പരിശോധിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും വിശ്വസനീയമല്ലാത്ത പേജുകളിൽ നിന്നുള്ള വിവരങ്ങൾ ഷെയർ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
നിലവിലെ സാഹചര്യങ്ങൾ പ്രൊഫഷണൽ രീതിയിലാണ് അധികൃതർ കൈകാര്യം ചെയ്യുന്നതെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും ദുബൈ അധികൃതർ കൂട്ടിച്ചേർത്തു. പൊതുജന സുരക്ഷ നിലനിർത്തുന്നതിന് ഔദ്യോഗിക സർക്കാർ ചാനലുകളെ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കണമെന്ന് മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു.
dubai media office assures public safety and warns against spreading fake news and rumors, urging residents to rely only on official sources for accurate updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."