സംസ്ഥാനത്ത് പോരാട്ടചിത്രം തെളിഞ്ഞു; 890 സ്ഥാനാർഥികൾ ജനവിധി തേടും
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തുള്ളവരുടെ അന്തിമ പട്ടികയായി. 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ (2021) ഇത് 957 ആയിരുന്നു. ഇത്തവണ സ്ഥാനാർഥികളുടെ എണ്ണത്തിൽ 67 പേരുടെ കുറവുണ്ട്.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 പേരാണ് യോഗ്യത നേടിയിരുന്നത്. ഇതിൽ 95 പേർ പത്രിക പിൻവലിച്ചു. മുന്നണി സ്ഥാനാർഥികൾ, വിമതർ, സ്വതന്ത്രർ, അപരന്മാർ എന്നിവരടങ്ങുന്ന വലിയൊരു നിരയാണ് ഇനി ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനായി കളത്തിലുള്ളത്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കൊടുവള്ളി (13 പേർ) മണ്ഡലത്തിൽ നിന്നാണ്. കൂടുതൽ സ്ഥാനാർഥികളുള്ള മറ്റ് മണ്ഡലങ്ങളിൽ തിരുവനന്തപുരം, മഞ്ചേശ്വരം, പേരാവൂർ (11 പേർ വീതം) ഇടം പിടിച്ചു. ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, മാനന്തവാടി (3 പേർ വീതം) എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് ചിഹ്നത്തിന്റെ കാര്യത്തിൽ അപ്രതീക്ഷിത തിരിച്ചടി. കഴിഞ്ഞ തവണ വിജയിച്ച 'ഗ്ലാസ്' ചിഹ്നത്തിൽ പോസ്റ്ററുകൾ അടിച്ച് പ്രചാരണം തുടങ്ങിയ അദ്ദേഹത്തിന് ഇത്തവണ ലഭിച്ചത് 'ബക്കറ്റ്' ചിഹ്നമാണ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ 2025-ൽ പുറത്തിറക്കിയ പുതുക്കിയ പട്ടികയിൽ 'ഗ്ലാസ്' ചിഹ്നം ഉൾപ്പെടാത്തതാണ് ഇതിന് കാരണം. ഗ്ലാസ് ചിഹ്നത്തിൽ ഇതിനോടകം അച്ചടിച്ച ആയിരക്കണക്കിന് പോസ്റ്ററുകളും ഫ്ലക്സുകളും ഇനി ഉപേക്ഷിക്കേണ്ടി വരും. ഇതോടെ പ്രചാരണ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവെച്ച് പുതിയ ചിഹ്നത്തിലേക്ക് മാറാനുള്ള തിരക്കിലാണ് പ്രവർത്തകർ.
യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിന്റെ ഫൈസൽ ബാബുവും, ബി.ജെ.പി സ്ഥാനാർഥിയായി ടി. റെനീഷും ഇവിടെ ശക്തമായ പോരാട്ടത്തിലാണ്. ആയിരം കോടിയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കി എന്ന അവകാശവാദവുമായാണ് ദേവർകോവിൽ വോട്ട് തേടുന്നത്.
പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ സ്വതന്ത്ര സ്ഥാനാർഥികൾക്കെല്ലാം ചിഹ്നങ്ങൾ അനുവദിച്ചു കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ സ്ഥിരം ചിഹ്നങ്ങളും ലഭിച്ചു. വോട്ടെടുപ്പിന് ഇനി കൃത്യം 14 ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാനം ഇനി ആവേശകരമായ പരസ്യപ്രചാരണത്തിന്റെ നാളുകളിലേക്ക് കടക്കുകയാണ്.
Following the deadline for the withdrawal of nominations on March 26, 2026, the final electoral picture for the Kerala Assembly elections has emerged. A total of 890 candidates are now in the fray across 140 constituencies for the upcoming polls on April 9.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."